കണ്ണൂർ: ജില്ലയില്‍ ക്വാറന്റൈന് നിരീക്ഷണം കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടിപിആര്‍) കുറയ്ക്കുന്നതിനും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുമാണ് നടപടി. പോസിറ്റീവ് രോഗികളുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയും ക്വാറന്റൈന് കര്‍ശനമായി നിരീക്ഷിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം നിര്‍ദേശം നല്കി. ക്വാറന്റൈന് കാര്യത്തില്‍ ഒരു തരത്തിലുള്ള ഉദാസീനതയോ അയവോ അനുവദിക്കാനാവില്ലെന്ന് കളക്ടര്‍ അറിയിച്ചു. ക്വാറന്റൈന് ഫലപ്രദമായി നടപ്പിലാക്കിയാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാനാകൂ എന്നും കളക്ടര്‍ പറഞ്ഞു.
ഓരോ ദിവസവും കോവിഡ് ബാധിക്കുന്നവര്‍ കൃത്യമായി ക്വാറന്റൈനിൽ കഴിയുന്നുവെന്ന് അതത് സ്ഥലത്തെ ദ്രുതപ്രതികരണ സംഘം ( ആര്‍ആര്‍ടി) ഉറപ്പാക്കണം. കോവിഡ് പോസിറ്റീവാകുന്നവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക തയാറാക്കുന്ന പ്രവര്‍ത്തനവും കൂടുതല്‍ കര്‍ശനമാക്കും. ഇവര്‍ക്ക് സ്വന്തം വീടുകളില്‍ ആവശ്യമായ സൗകര്യം ഇല്ലെങ്കില്‍ ഡിസിസികളിലേക്കോ സിഎഫ്എല്‍ടിസികളിലേക്കോ മാറ്റും.
പ്രാഥമിക സമ്പര്‍ക്കപട്ടികയിലെ ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ ക്വാറന്റൈനിൽ പോകുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആര്‍ആര്‍ടികള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.
ടിപിആര്‍ നിരക്ക് ഉയര്‍ന്ന ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥരെ ചാര്‍ജ് ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. കാറ്റഗറി എ, ബി വിഭാഗത്തില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രത്യേക ചാര്‍ജ് ഓഫീസര്‍മാരായി 25 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. അതത് തദ്ദേശസ്ഥാപന പരിധിയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇവരുടെ ചുമതല.
തദ്ദേശസ്ഥാപനം, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ക്ക് ഈ ഓഫീസര്‍മാര്‍ നേതൃത്വം നല്‍കും.
പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ശക്തമാക്കി. പ്രതിദിന പരിശോധന 6400ല്‍ താഴെയായിരുന്നത് 8500 ലെത്തി.