ഇരിട്ടി: മനുഷ്യവംശത്തിന് ഭീഷണിയായി തീർന്നിരിക്കുന്ന കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ സഭ ജനങ്ങളോടൊപ്പമുണ്ടെന്ന് ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട്. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കോവിഡിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള പൾസ് ഓക്സിമീറ്ററുകളുടെ വിതരണോദ്ഘാടനം ഇരിട്ടി സെന്റ് ജോസഫ് ദേവാലയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. സഭയും സഭാസംഘടനകളും ഒത്തൊരുമിച്ച് ഈ പോരാട്ടത്തിൽ അണിനിരിക്കുകയാണെന്നും മാർ ജോർജ് ഞറളക്കാട്ട് പറഞ്ഞു.
മാർ ജോർജ് ഞറളക്കാട്ടിൽനിന്ന് പൾസ് ഓക്സിമീറ്റർ കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് അഡ്വ.ടോണി ടോണി ജോസഫ് പുഞ്ചക്കുന്നേൽ ഏറ്റുവാങ്ങി. അതിരൂപത ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. സെബാസ്റ്റ്യൻ ഇട്ടിയപ്പാറ, ഫാ. ആന്റണി ആനക്കല്ലിൽ, ബേബി നെട്ടനാനി, ചാക്കോച്ചൻ കാരാമയിൽ, ബെന്നി പുതിയാംപുറം, സിസിലി പുഷ്പകുന്നേൽ, ഷീജ കാറുകുളം, അൽഫോൻസ് കളപ്പുര, ടോമി വെട്ടിക്കാട്ട് എന്നിവർ പ്രസംഗിച്ചു. ഒന്നരലക്ഷം രൂപ വിലവരുന്ന പൾസ് ഓക്സിമീറ്ററുകളാണ് തലശേരി അതിരൂപതയ്ക്ക് ലഭിച്ചത്. കുവൈറ്റ് എസ്എംസിയുടെ സഹായത്തോടെയാണ് ഈ പദ്ധതി കത്തോലിക്കാകോൺഗ്രസ് കേരളത്തിൽ നടപ്പിലാക്കുന്നത്.