ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ ചൊവ്വാഴ്ച കൊല്ലം സപ്ലൈകോ ഗോഡൗൺ സന്ദർശിച്ചു. നിലവിൽ പ്രവർത്തിക്കുന്ന ഗോഡൗണും, നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഗോഡൗണും സപ്ലൈകോ സൂപ്പർമാർക്കറ്റും സന്ദർശിച്ചു.
തുടർന്ന് വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഈ മാസത്തെ അരി, സൗജന്യകിറ്റുകൾ ഉൾപ്പെടെയുള്ള വിതരണത്തിന്റെ പോരായ്മകൾ പരിശോധിച്ചു. നിരവധി റേഷൻ കടകളിൽ വിതരണത്തിനാവശ്യമായ ഭക്ഷ്യ ധാന്യങ്ങൾ എത്താത്തതിനെ സംബന്ധിച്ച് റേഷൻ വ്യാപാരികളുടെ പരാതി ചർച്ച ചെയ്തു. അതത് മാസത്തെ റേഷൻ പത്താം തിയതിക്കുള്ളിൽ എൻഎഫ്എസ്എ ഗോഡൗണിൽ നിന്നും എത്തിക്കുന്നതിന് മന്ത്രി നിർദ്ദേശം നൽകി. വിവിധ ഗോഡൗണുകളും റേഷൻ കടകളും ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് വീഴ്ചകൾ മനസിലാക്കി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കാർഡ് ഉടമകൾ ടെലിഫോണിലൂടെ നൽകിയ പരാതി പരിഗണിച്ച് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിൽ മിന്നൽ സന്ദർശനം നടത്തി. പൊതുജനങ്ങളുടെ പരാതികൾ നേരിൽക്കേട്ടു. പരാതികളിൽ ഉടനടി തീരുമാനം എടുക്കുകയും ചെയ്തു. കൂടുതൽ ജനസൗഹൃദ നടപടികളുമായി മുന്നോട്ട് പോകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.