സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണം എന്നാശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. പദ്ധതി നിർമാണം നിർത്തിവയ്ക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി മേയ് 31ന് പുറപ്പെടുവിച്ച വിധിക്കെതിരേ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
എന്നാൽ, ഡൽഹിയിലെ മറ്റു നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചു വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ടോ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. എന്ത് കൊണ്ടാണ് ഈ ഒരു പദ്ധതി മാത്രം നിർത്തിവയ്ക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നതെന്നും ജസ്റ്റീസ് ദിനേശ് മഹേശ്വരി ചോദിച്ചു.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് സെൻട്രൽ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. പിന്നെങ്ങനെയാണ് പരീതിയുമായി മുന്നോട്ടു പോകാൻ കഴിയുന്നതെന്നായിരുന്നു ജസ്റ്റീസ് എ.എം ഖാൻവിൽക്കറുടെ ചോദ്യം.