പുതിയ സംസ്ഥാന പോലീസ് മേധാവിയുടെ കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. ലോക്നാഥ് ബെഹ്റ നാളെ വിരമിക്കുന്ന ഒഴിവിൽ പുതിയ പോലീസ് മേധാവി നാളെ വൈകുന്നേരം ചുമതലയേറ്റെടുക്കേണ്ടതുണ്ട്.
പോലീസ് മേധാവിയുടെ കാര്യത്തിൽ അന്തിമതീരുമാനം മന്ത്രിസഭായോഗത്തിലാണ് എടുക്കേണ്ടത്. എന്നാൽ, ഇതിനായി പ്രത്യേക മന്ത്രിസഭായോഗം വിളിച്ചുചേർത്തിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുത്തശേഷം നാളെ ചേരുന്ന പതിവു മന്ത്രിസഭയിൽ വിഷയം അവതരിപ്പിക്കുക മാത്രമാകും ചെയ്യുക.
യുപിഎസ്സി അംഗീകരിച്ചു നൽകിയ സംസ്ഥാന പോലീസ് മേധാവിയുടെ പട്ടികയിൽ ഉൾപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥനായ സുദേഷ് കുമാറിനാണ് ഏറെ സാധ്യത. എന്നാൽ, സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ബി. സന്ധ്യയെ നിയമിക്കണമെന്ന ആവശ്യം സിപിഎമ്മിലെ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഡിജിപി പദവിയിലുള്ള സുദേഷ് കുമാർ നിലവിൽ വിജിലൻസ് മേധാവിയും എഡിജിപി ബി. സന്ധ്യ ഫയർഫോഴ്സ് മേധാവിയുമാണ്. എഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മീഷണറായ അനിൽകാന്താണ് പട്ടികയിലെ മൂന്നാമൻ.