സംസ്ഥാനത്തു കോവിഡ് വ്യാപനനിരക്ക് കാര്യമായി കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകിയേക്കില്ല. എന്നാൽ, ചില മേഖലകളിൽ നേരിയ ഇളവുകൾക്കു സാധ്യതയുണ്ട്. ആരാധനാലയങ്ങളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
തദ്ദേശസ്ഥാപനങ്ങളിലെ കഴിഞ്ഞ ഒരാഴ്ചത്തെ കോവിഡ് വ്യാപനനിരക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്നു ചേരുന്ന അവലോകനയോഗം വിലയിരുത്തും. ലോക്ഡൗണ്‍ നിയന്ത്രണ ഇളവുകളുമായി ബന്ധപ്പെട്ട തീരുമാനം ഇതിനു ശേഷമാകും കൈക്കൊള്ളുക. സർവകലാശാലാ പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട മേഖലകൾക്ക് നേരിയ ഇളവുകൾ അനുവദിച്ചേക്കും.
കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. ഞായറാഴ്ച പരിശോധന കുറവായതിനാൽ ഇന്നലത്തെ നിരക്ക് 9.44 ശതമാനമായി കുറഞ്ഞിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്. നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് കൂടുതൽ ഇളവുകളുള്ളത്. നിരക്ക് അഞ്ച് ശതമാനത്തിലെത്തിയാൽ മാത്രമേ രോഗം നിയന്ത്രണവിധേയമായതായി കണക്കാക്കാനാകൂ.