കണ്ണൂർ: ലോക്ഡൗണിലെ ഇളവുകളുടെ അടിസ്ഥാനത്തിൽ പറശ്ശിനിക്കടവ് സ്നേക് പാർക്കിൽ തിങ്കളാഴ്ച മുതൽ സന്ദർശകരെ അനുവദിക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശന സമയം. കോവിഡ് രണ്ടാം വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഏപ്രിൽ 22 മുതൽ പാർക്ക് അടച്ചിട്ടിരുന്നു. ലോക്ഡൗൺ ഇളവിെൻറ അടിസ്ഥാനത്തിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കുന്ന സാഹചര്യത്തിലാണ് സ്നേക് പാർക്കും തുറക്കാൻ ധാരണയായത്. രാവിലെ എഴു മുതൽ വൈകീട്ട് ഏഴു വരെയാണ് ക്ഷേത്രത്തിൽ ദർശനത്തിന് അനുവദിച്ചിട്ടുള്ള സമയം.
പാർക്കിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് മാത്രമേ സന്ദർശകരെ അനുവദിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടർ അറിയിച്ചു. രണ്ട് മാസത്തിലേറെയായി അടച്ചിട്ടതിനാൽ പൂർണമായും അണുനശീകരണ, ശുചീകരണ പ്രവൃത്തി പൂർത്തിയാക്കിയതിന് ശേഷമാണ് പാർക് വീണ്ടും തുറക്കുന്നത്.
ഒരു മണിക്കൂറിൽ 50 സന്ദർകരെ സാമൂഹിക അകലം പാലിച്ച് മാത്രം പാർക്കിൽ പ്രവേശിപ്പിക്കും. പ്രായമുള്ളവരെയും കുട്ടികളെയും പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പാർക്കിൽ പുതിയ ‘അതിഥി’കളായി പ്രത്യേക വിഭാഗത്തിലുള്ള പാമ്പ്, കുരങ്ങ് കുട്ടികൾ എന്നിവ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുമെന്നും പാർക്ക് അധികൃതർ പറഞ്ഞു.
നിലവിൽ ജില്ലയിൽ പറശ്ശിനിക്കടവ് സ്നേക് പാർക്കിൽ മാത്രമാണ് സന്ദർശകരെ പ്രവേശിപ്പിക്കാൻ തീരുമാനമായത്. കണ്ണൂർ കോട്ടയടക്കമുള്ള മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ, രോഗ നിരക്കിൽ കുറവില്ലാത്ത സാഹചര്യത്തിൽ സഞ്ചാരികളെ അനുവദിക്കാൻ തീരുമാനമായിട്ടില്ല.