കാറിന്റെ മുന്‍നിരയിലെ രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 31ന് മുന്‍പ് കാര്‍ നിര്‍മ്മാതാക്കള്‍ ഇത് പാലിക്കണമെന്നായിരുന്നു നിര്‍ദേശം. നിലവിലുള്ള വാഹനങ്ങള്‍ക്കാണ് ഇത് ബാധകം.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മുന്‍നിരയിലുള്ള രണ്ടു സീറ്റിലും ഇരിക്കുന്നവര്‍ക്കും എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഇത് ഡ്രൈവറുടെ സീറ്റിന് മാത്രമാണ് നിര്‍ബന്ധം. ഏപ്രില്‍ ഒന്നുമുതല്‍ പുറത്തിറങ്ങുന്ന പുതിയ കാറുകളില്‍ മുന്‍നിരയിലുള്ള രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. നിലവിലുള്ള വാഹനങ്ങള്‍ ഓഗസ്റ്റ് 31നകം ഇത് പാലിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതാണ് ഡിസംബര്‍ 31 വരെ നീട്ടിയത്.
ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യുന്നതിന് കരട് വിജ്ഞാപനവും പുറത്തിറക്കി. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ മുന്‍നിരയിലുള്ള രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാണെന്നാണ് കരട് വിജ്ഞാപനത്തില്‍ പറയുന്നത്. 2019 ജൂലൈ ഒന്നുമുതലാണ് ഡ്രൈവറുടെ സീറ്റില്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കിയത്.