ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും വിലാസം മാറ്റുന്നതും ഇനി അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തില്‍. ‘ഫയല്‍ ക്യൂ മാനേജ്‌മെന്റ്’ സംവിധാനം മോട്ടര്‍ വാഹന വകുപ്പ് നടപ്പിലാക്കിയതോടെ ഇഷ്ടക്കാരുടെ ഫയല്‍ ‘പൊക്കിയെടുത്ത്’ തീര്‍പ്പാക്കുന്ന രീതിക്ക് അവസാനമായി. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ ഇടനിലക്കാരില്ലാതെ തന്നെ അപേക്ഷയുടെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ഇതു വഴിയൊരുക്കും.
‘ഫയല്‍ ക്യൂ മാനേജ്‌മെന്റ്’ സംവിധാനം അനുസരിച്ച് ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ അപേക്ഷകരുടെ മുന്‍ഗണന പ്രകാരം ഒരു ഫയല്‍ മാത്രമേ കാണാന്‍ പറ്റൂ. അടുത്ത അപേക്ഷകന്‍ ആരെന്നു പോലും അറിയാനാകില്ല. മുന്നില്‍ വരുന്ന അപേക്ഷ കാരണം കൂടാതെ മാറ്റിവയ്ക്കാനും സാധിക്കില്ല. മാറ്റിവയ്ക്കണമെങ്കില്‍ കൃത്യമായ കാരണം സോഫ്റ്റ്്വെയറില്‍ നല്‍കണം. അത് അപ്പോള്‍ തന്നെ അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്കു സന്ദേശമായി എത്തും. നടപടികള്‍ ഇതോടെ പൂര്‍ണമായി സുതാര്യമാകുമെന്നു ഗതാഗത കമ്മിഷണര്‍ കെ. അജിത് കുമാര്‍ പറഞ്ഞു.
വാഹന രജിസ്‌ട്രേഷന്‍ നടപടികളിലും ഇതേ സംവിധാനം നടപ്പാക്കാന്‍ മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നു. ഡീലറുടെ കയ്യില്‍ നിന്നു തന്നെ രജിസ്‌ട്രേഷന്‍ നടത്തി പുതിയ നമ്പറുമായി വാഹനം പുറത്തിറക്കാം. രജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ണമായി ഫയല്‍ ക്യൂ മാനേജ്‌മെന്റ് വഴി ആകുന്നതോടെ വകുപ്പിലെ പ്രധാന േസവനങ്ങളെല്ലാം ഇടനിലക്കാരില്ലാതെ സുതാര്യമാകും.
ചെക്‌പോസ്റ്റ് വഴി കേരളത്തിലേക്കു വരുന്ന വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റും ഇപ്പോള്‍ ഓണ്‍ലൈനായി പരിവാഹന്‍ വഴി ലഭിക്കും. കേരളത്തില്‍ നിന്നു പുറത്തേക്കു പോകുന്ന വാഹനങ്ങള്‍ക്കും അടുത്തയാഴ്ച മുതല്‍ പെര്‍മിറ്റ് ഓണ്‍ലൈനാകും.