പേരാവൂര്‍:കൊവിഡ് രണ്ടാംതരംഗ വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ ഡ്രൈവിംഗ് ക്ലാസുകള്‍ പുനഃരാരംഭിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായതിനിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമ ഭേദഗതി കൂടി വരുന്നത് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഇരുട്ടടിയാകുന്നു. അക്രഡിറ്റഡ് ഡ്രൈവിംഗ് സ്‌കൂളുകളില്‍ റോഡ് ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പുതിയ ഭേദഗതി ജൂലായ് ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
കോവിഡ് രണ്ടാംതരംഗ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസത്തിലധികമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്താത്തതാണ് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലേണിങ് കഴിഞ്ഞവരുടെ ലേണിങ് കാലാവധി കഴിയുന്നതും ഡ്രൈവിംഗ് പഠിക്കാന്‍ എത്തുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയാത്തതുമാണ് ജില്ലയിലെ ആയിരക്കണക്കിന് വരുന്ന ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാരെ വലയ്ക്കുന്നത്.
നൂറുകണക്കിന് ആളുകളാണ് ഡ്രൈവിംഗ് പരിശീലനം കഴിഞ്ഞ് ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത്.ഇതിനിടയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമ ഭേദഗതി കൂടി വരുന്നത് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഇരുട്ടടിയായി മാറുന്നത്.നിയമം അനുശാസിക്കുന്ന നിബന്ധന പ്രാവര്‍ത്തികമാക്കി അക്രഡിറ്റഡ് ഡ്രൈവിംഗ് സ്‌കൂള്‍ ആക്കണമെങ്കില്‍ ജില്ലയിലെ ഭൂരിഭാഗം പരിശീലന കേന്ദ്രങ്ങളും സ്ഥലം ഉള്‍പ്പെടെ വാങ്ങുന്നതിനായി വന്‍തുക മുടക്കണം. നിലവിലെ സാഹചര്യത്തില്‍ ഇത് അപ്രായോഗികമാണെന്ന് മിക്ക ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും പറയുന്നു.
ചെറുകിട ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.മൂന്നേക്കര്‍ സ്ഥലമുള്ളവര്‍ക്ക് മാത്രമേ അക്രഡിറ്റഡ് ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങാനാകൂ. ഭേദഗതി പ്രകാരം സ്‌കൂള്‍ നടത്തുന്ന മുതലാളി മുതല്‍ ജീവനക്കാര്‍ വരെയുള്ളവര്‍ക്ക് ഐ.ടി.ഐ ഡിപ്ലോമ യോഗ്യത വേണം. വാഹന ഭാഗങ്ങളെ കുറിച്ച് പഠിക്കാനുള്ള വര്‍ക്ക് ഷോപ്പ്, ഡ്രൈവിംഗ് സിമുലേറ്റര്‍, ടെസ്റ്റ് ട്രാക്ക് എന്നിവ ഒരുക്കണം. ഇത്തരം ഡ്രൈവിംഗ് സ്‌കൂളുകളില്‍ ചെറിയ വാഹനങ്ങള്‍ ഓടിക്കാന്‍ നാലാഴ്ചത്തെ 29 മണിക്കൂര്‍ പരിശീലനം വേണം.നാല് മണിക്കൂര്‍ സിമുലേറ്ററില്‍ രാത്രി- മഴ- മഞ്ഞ് എന്നിവയിലെ ഡ്രൈവിംഗ് പരിശീലിപ്പിക്കണം. മീഡിയം, ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ ആറാഴ്ചയിലായി 38 മണിക്കൂര്‍ പരിശീലനവും വേണം.
ചെറുകിട ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കൊന്നും മൂന്നേക്കര്‍ സ്ഥലം കണ്ടെത്തുക പ്രായോഗികമല്ല. കൂടാതെ ഐ.ടി.ഐ ഡിപ്ലോമയുള്ള ആളുകളെ ജോലിക്ക് വച്ച് ഉയര്‍ന്ന ശമ്പളം നല്‍കി ചെറുകിടക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല.ജില്ലയില്‍ 250ഓളം ഡ്രൈവിംഗ് സ്‌കൂളുകളാണുള്ളത്. ഇവയിലെല്ലാം കൂടി ആയിരത്തിലധികം ജീവനക്കാരുമുണ്ട്. ഇവരുടെയെല്ലാം ജീവിത മാര്‍ഗം ഇല്ലാതാക്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്ന് ആരോപണം ശക്തമാണ്.