സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം കോവിഡ് മോളിക്യുലർ ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കും. അതിനുള്ള അനുമതി ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് പോകുന്ന യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് നാലു മണിക്കൂർ മുന്പെടുത്ത റാപ്പിഡ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണമെന്ന് ദുബായ് ഹെൽത്ത് അഥോറിറ്റി പുറത്തിറക്കിയ മാർഗരേഖയിൽ നിഷ്കർഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവാസികളുടെ യാത്രയ്ക്ക് സഹായകരമാകും വിധം പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.