24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇന്ന് ദേശീയ വായനാ ദിനം
Kerala

ഇന്ന് ദേശീയ വായനാ ദിനം

“മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുദേവന്റെ വാക്കുകൾക്ക് ശേഷം കേരളം ഏറ്റെടുത്ത മറ്റൊരു വാക്യമാണ് പി എൻ പണിക്കരുടെ “വായിച്ചുവളരുക ചിന്തിച്ചു വിവേകം നേടുക” എന്നത്. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് പി എൻ പണിക്കരുടെ ഓർമ്മ ദിനമാണ് ജുൺ 19. 1995 ജുൺ 19ന് അദ്ദേഹം വിട പറഞ്ഞു. 1996 മുതൽ ജുൺ 19 വായനാ ദിനമായി ആചരിക്കുവാൻ കേരളസർക്കാർ തീരുമാനിച്ചു. ഒരാളുടെ ചരമദിനത്തെ അദ്ദേഹത്തിന്റെ കർമ്മമണ്ഡലവുമായി ചേർത്ത് ഓർമ്മിക്കുന്നത് പ്രത്യേകതയായിരിക്കും.1909 മാർച്ച് ഒന്നാം തീയതി നീലംപേരൂർ ഗ്രാമത്തിൽ പുതുവായിൽ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായിട്ടാണ് പി എൻ പണിക്കർ ജനിച്ചത്. നീലംപേരൂർ മിഡിൽ സ്കൂൾ അധ്യാപക ജോലിക്കിടയിലാണ് അദ്ദേഹം ഗ്രന്ഥശാല പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. നീലംപേരൂർ ഭഗവതിക്ഷേത്രമുറ്റത്തെ ആൽത്തറസദസിലെ സായാഹ്ന ചർച്ചകൾക്കിടയിലാണ് ഒരു ഗ്രന്ഥശാല എന്ന ആശയം മുന്നോട്ട് വന്നത്. അങ്ങനെ 1926-ൽ സനാതന ധർമ്മം എന്ന പേരിൽ ഒരു ഗ്രന്ഥശാലയ്ക്ക് പണിക്കരും കൂട്ടരും ജന്മം നല്കി. 1930-ൽ ചെമ്പകക്കുട്ടിയമ്മയെ വിവാഹം കഴിച്ചശേഷമാണ് പണിക്കർ സാറിന്റെ പ്രവർത്തന മേഖല അമ്പലപ്പുഴയിലേക്ക് മാറുന്നത്. കേരളത്തിലെ ഗ്രന്ഥശാലപ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നതും അമ്പലപ്പുഴയിൽ നിന്നുമാണ്.സാഹിത്യപഞ്ചാനനൻ പി കെ നാരായണപിള്ളയുടെ പേരിൽ 1936-ൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് നിലച്ചുപോയതുമായ പി കെ വിലാസം ലൈബ്രറി പുനരുദ്ധരിച്ചുകൊണ്ടാണ് അമ്പലപ്പുഴയിൽ പണിക്കർസാർ ഗ്രന്ഥശാല പ്രവർത്തനത്തിന് തുടക്കംകുറിച്ചത്. (സാഹിത്യ പഞ്ചാനനന്റെ മരണശേഷം 1938-ൽ പി കെ വിലാസം ലൈബ്രറി പി കെ മെമ്മോറിയൽ ലൈബ്രറിയായിമാറി) 1945 സെപ്റ്റംബർ 14ന് അമ്പലപ്പുഴ പി കെ മെമ്മോറിയൽ ലൈബ്രറിയിൽ വച്ചാണ് കേരളത്തിലെ ഗ്രന്ഥശാലപ്രസ്ഥാനം ഉദയം കൊള്ളുന്നത്. തിരുവിതാംകൂറിലെ വിവിധ പ്രദേശത്തുനിന്നും എത്തിച്ചേർന്ന നാല്പത്തിയേഴ് ഗ്രന്ഥശാല പ്രവർത്തകരുടെ സമ്മേളനമാണ് അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന് രൂപം നല്കിയത്. പരവൂർ മുതൽ കന്യാകുമാരി വരെ നീളുന്നതായിരുന്നു തിരുവിതാംകൂർ പ്രദേശം. എന്നാൽ 1949-ൽ തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ അഖിലതിരുവിതാംകൂർ ഗ്രന്ഥശാലസംഘം തിരു-കൊച്ചി ഗ്രന്ഥശാലസംഘമാവുകയും 1956-ൽ കേരള സംസ്ഥാനം പിറവികൊള്ളുമ്പോൾ അത് കേരള ഗ്രന്ഥശാലസംഘവുമായി. ഈ കാലഘട്ടങ്ങളിലെല്ലാം ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി പി എൻ പണിക്കർ തന്നെയായിരുന്നു. 1989-ലെ കേരള സർക്കാരിന്റെ കേരള പബ്ലിക്ക് ലൈബ്രറി ആക്ട് നിലവിൽ വരുന്നതോടുകൂടി ഇന്ന് കാണുന്ന തരത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിലവിൽ വന്നു. 1945 സെപ്റ്റംബർ 14-ന് നാല്പത്തിയേഴ് (47) ഗ്രന്ഥശാലകളുമായി യാത്ര ആരംഭിച്ച ഗ്രന്ഥശാലപ്രസ്ഥാനത്തിന് ഈ വായനാദിനത്തിൽ പതിനായിരത്തോടടുക്കുന്ന അംഗ ഗ്രന്ഥശാലകളാണുള്ളത്.വരേണ്യവർഗം കൈമുതലാക്കി വച്ചിരുന്ന അക്ഷരവും അറിവും ജനകീയമാക്കിമാറ്റുവാനാണ് പി എൻ പണിക്കർ ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെയും സാക്ഷരതാപ്രസ്ഥാനത്തിലൂടെയും ശ്രമിച്ചത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും ചരിത്രമാണ് ഇന്ന് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അടിത്തറ. കൈയ്യിലൊരു സഞ്ചിയും പഴകിനരച്ച കുടയുമായി എത്രദൂരം വേണമെങ്കിലും നടക്കുവാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. കാൽനടയായും സൈക്കിളിലും കാളവണ്ടിയിലും സഞ്ചരിച്ചാണ് അദ്ദേഹം ഓരോ ഗ്രന്ഥശാലയിലും എത്തിയിരുന്നത്. പാടത്തിലും പറമ്പിലും പണിയെടുക്കുന്നവരോടും കടത്തിണ്ണയിൽ കൂട്ടംകൂടിയിരിക്കുന്നവരോടും വായനയെക്കുറിച്ചും ഗ്രന്ഥശാലയെക്കുറിച്ചും അദ്ദേഹം വാതോരാതെ സംസാരിച്ചു. സുസ്മേരവദനനായ ആ ഖദർധാരിയുടെ വാക്കുകൾ ഉൾക്കൊണ്ടവരും പുച്ഛിച്ചുതള്ളിയവരും ഉണ്ട്. ഗ്രന്ഥശാലകൾക്ക് വേണ്ടി പുസ്തകങ്ങൾക്കും പണത്തിനുമായി യാചകനായി മാറുവാൻപോലും അദ്ദേഹം തയ്യാറായി. സനാധനധർമ്മം ഗ്രന്ഥശാലയ്ക്ക് കെട്ടിടം നിർമ്മിക്കാനുള്ള സംഭാവന പിരിക്കുവാൻ ഭക്ഷണംപോലും കഴിക്കാതെ സഞ്ചരിച്ച പണിക്കർ വഴിയരികിൽ ബോധംകെട്ടുവീണു കിടന്നതും ഏതോ ഒരു വഴിപോക്കൻ ആശുപത്രിയിൽ എത്തിച്ചതും ചരിത്രം. ഗ്രന്ഥശാലകളിൽ പരിശോധനയ്ക്കായി പോകുമ്പോൾ എത്ര രാത്രിയായാലും അന്നത്തെ ഗ്രന്ഥശാല സന്ദർശനം പൂർത്തീകരിച്ചിട്ടു മാത്രമെ അദ്ദേഹം ഭക്ഷണംപോലും കഴിച്ചിരുന്നുള്ളൂ. റയിൽവേ പ്ലാറ്റ്ഫോമിലും ബസ് സ്റ്റേഷനിലും പാതവക്കിലും കിടന്നുറങ്ങുവാൻ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. ഒരു ഗ്രന്ഥശാല മീറ്റിംഗിനു ശേഷം റയിൽവേ സ്റ്റേഷനു മുന്നിൽ കൂട്ടിയിട്ടിരുന്ന ആറ്റുമണലിന്റെ പുറത്ത് കൊതുകു കളുടെ ആക്രമത്തെ ചെറുത്തുകൊണ്ട് പണിക്കരോടൊപ്പം രാത്രിയെ ശിവരാത്രിയാക്കിയ കഥ പ്രൊഫസർ എസ് ഗുപ്തൻനായർ ഒരു കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ഏത് യാത്രയിലും ക്ഷമയും ക്ലേശസഹിഷ്ണുതയും ഒരു പൊതുപ്രവർത്തകന്റെ ശീലമാക്കി മാറ്റിയെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് ഒന്ന് പൊതുപ്രവർത്തക ദിനമായി ആചരിക്കുന്നത്.1977-ൽ കേരള ഗ്രന്ഥശാല സംഘം ഭരണസമിതിയെ സർക്കാർ പിരിച്ചു വിട്ടതോടുകൂടിയാണ് ഗ്രന്ഥശാല സംഘം വഴി തുടക്കം കുറിച്ച സാക്ഷരതായഞ്ജം മുന്നോട്ടു കൊണ്ടു പോകുവാനുള്ള വഴിയെ കുറിച്ച് പി എൻ പണിക്കർ ചിന്തിച്ചു തുടങ്ങിയത്. അങ്ങനെയാണ് കേന്ദ്രസർക്കാരിന്റെ സഹായത്തോടുകൂടി കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡ്യൂക്കേഷൻ ആന്റ് ഡെവലപ്പ്മെന്റ് എന്ന കാൻഫെഡ് രൂപീകരിക്കപ്പെടുന്നത്. കാൻഫെഡിലൂടെ സംസ്ഥാന കേന്ദ്രസർക്കാരുകൾ സംയുക്തമായി സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിച്ച് 1978-ലെ ബഹുജന വിദ്യാഭ്യാസ സാമൂഹിക അടിത്തറ ഒരുക്കികൊടുത്തു.എന്നാൽ ഈ കാലഘട്ടത്തിൽ വായനയുടെ ലോകം അതിവിശാലമാണ്. ഒരു ഗ്രന്ഥശാലയിൽ അലമാരകളിൽ ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ വിജ്ഞാനശാഖ, ലോകം ചെറുതായി ചെറുതായി നമ്മുടെ വിരൽത്തുമ്പിൽ ഒതുങ്ങുന്നകാലം, ഇൻഫർമേഷൻ ടെക്നോളജി ലോകം മുഴുവൻ ഒരു മൗസ് ക്ലിക്കിനുള്ളിൽ ഒതുക്കി. സാധാരണ ഗ്രന്ഥശാലകൾക്ക് പുറമേ ഡിജിറ്റൽ ലൈബ്രറികളുടെ വികാസമാണ് ഈ വായനാദിനത്തിലെ പ്രത്യേകത. നമ്മുടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഡിജിറ്റൽ എന്ന പദം സാർവ്വത്രികമാകുന്നു. നമ്മുടെ പുരാരേഖകളും അപൂർവമായ പുസ്തകങ്ങളും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചതു മുതലാണ് ഡിജിറ്റൽ എന്ന പദം സാർവ്വത്രികമാകുവാൻ തുടങ്ങിയത്. പുസ്തകങ്ങൾ കൃത്യമായി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിലൂടെ അവ സംരക്ഷിക്കപ്പെടുന്നു എന്നതിലൂടെ വിജ്ഞാനവിതരണവും എളുപ്പത്തിലാകുന്നു. രാജ്യത്ത് ലഭ്യമാകുന്ന ലൈബ്രറി നെറ്റുവർക്കുകളെ ഗ്രാമീണ ഗ്രന്ഥശാലകളിലേയ്ക്ക് കോർത്തിണക്കി വായനാ സൗകര്യവും വിവരശേഖരണവും ഇതിലൂടെ ലഭ്യമാകുന്നു. ഈ വായനാദിനത്തിൽ ആധുനീകരണത്തിന്റെ പാതയിലാണ് നമ്മുടെ ലൈബ്രറികളും. ലൈബ്രറികളിൽ കമ്പ്യൂട്ടറും ഇന്റർനെറ്റ് സംവിധാനവും ഒരുക്കി ഗ്രന്ഥശാലകള്‍ നവീകരണപാതയിലേക്ക് നയിക്കപ്പെടുകയാണ്.1996 ജുൺ 19 മുതൽ വായനാദിനം ആചരിച്ചുതുടങ്ങിയെങ്കിലും 2017 മുതൽ വായനാദിനം ദേശീയതലത്തിലേക്ക് മാറി. കേരള സ്റ്റേറ്റ് ലൈബ്രറികൗൺസിൽ ജുൺ പത്തൊമ്പത് മുതൽ ലൈബ്രറികൗൺസിൽ മുൻ ജനറൽ സെക്രട്ടറി ഐ വി ദാസിന്റെ ജന്മദിനമായ ജുലൈ ഏഴ് വരെ വായനാപക്ഷമായാണ് ആചരിക്കുന്നത്. എന്നാൽ പി എൻ പണിക്കർ വിജ്ഞാൻ വികാസകേന്ദ്രം വിവിധ സർക്കാരുകളുമായി ചേർന്ന് ദേശീയതലത്തിൽ വായനാദിനത്തിൽ തുടങ്ങുന്ന വായനാമാസാചരണം ആചരിക്കുന്നു. ദേശീയതലത്തിൽ വായനാമത്സരം, വീഡിയോബുക്ക് മേക്കിംഗ്, ക്വിസ്, ഉപന്യാസമത്സരങ്ങൾ, പെയിന്റിംഗ് തുടങ്ങിയ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കുന്നു. ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിലും ഒൻപത് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏഴ് ലക്ഷത്തോളം വീടുകളിൽ ദേശിയ വായനാദിനം ആചരിച്ചു. സിബിഎസ്‌ഇ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇരുപത്തിയഞ്ച് ലക്ഷത്തോളം കുട്ടികൾ വായനാദിന പ്രതിജ്ഞയെടുത്തു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൂടി മാറിക്കൊണ്ടാണ് ഇപ്പോൾ വായനാദിനം ആചരിക്കുന്നത്. എന്നാൽ ദേശീയതലത്തിൽ നടക്കുന്ന ഡിജിറ്റൽ വായനാദിനാചരണ സന്ദേശങ്ങൾ സമൂഹത്തിന്റെ മേൽത്തട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്നു എന്നതാണ് ഒരു ന്യൂനത.കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾക്ക് അതിർവരമ്പുകൾ നിശ്ചയിക്കപ്പെടുന്ന ഈ കാലഘട്ടത്തിലാണ് വീണ്ടുമൊരു വായനാദിനമെത്തുന്നത്. കുടുംബവായന സാർത്ഥകമായ ഒരു കാലഘട്ടം കൂടിയാണ് ഈ കൊറോണക്കാലം. അതുകൊണ്ട് തന്നെ ഏത് കെട്ടകാലത്തും വായന പൂത്തുലയുകതന്നെ ചെയ്യുമെന്ന് ഈ വായനാദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നു.

Related posts

എ​ല്ലാ സാ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്രം പ​രി​ശോ​ധി​ക്കും; ആ​ശ​ങ്ക​വേ​ണ്ട സം​ഗ​തി വ്യാ​ജ​മാ​ണ്

Aswathi Kottiyoor

സ​ച്ചി​ൻ​ദേ​വി​ന്‍റെ​യും ആ​ര്യ​യു​ടെ​യും വി​വാ​ഹ​ത്തി​നു തീ​യ​തി കു​റി​ച്ചു

Aswathi Kottiyoor

സൂക്ഷിച്ച് പോകരുതോ?’: അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത ദമ്പതികൾക്കു മർദനം.*

Aswathi Kottiyoor
WordPress Image Lightbox