കോവിഡ് കുത്തിവയ്പിൽ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ കേരളക്കരയിലെ മാഹിക്ക് രണ്ടാംസ്ഥാനം. സൗത്ത് ഡൽഹിയാണ് ഒന്നാമത്. കേന്ദ്രസർക്കാരിന്റെ കോവിൻ സൈറ്റിലെ ജൂൺ ആദ്യവാരത്തിലെ കണക്കിലാണ് മാഹിയുടെ കോവിഡ് പ്രതിരോധ കുത്തിവയ്പിലെ മുന്നേറ്റം പ്രകടമായത്. ഒമ്പതര ചതുരശ്ര കിലോമീറ്ററിനുള്ളിലായി 45000 ൽപ്പരം ജനങ്ങളാണ് മാഹിയിലുള്ളത്. 30 അംഗ കോവിഡ് എൻഫോഴ്സ്മെന്റ് ടീം രൂപീകരിച്ചാണ് മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ കോവിഡ് പ്രതിരോധ കുത്തിവയ്പിനുള്ള ആദ്യഘട്ട പദ്ധതി തുടങ്ങിയത്. അധ്യാപകരും ആരോഗ്യ പ്രവർത്തകരും പോലിസ് ഓഫീസർമാരും അടങ്ങിയതാണ് എൻഫോഴ്സ്മെന്റ് ടീം. ഈ സംഘം ജനങ്ങളിൽ ബോധവത്കരണം നടത്തി കുത്തിവയ്പിന് വിധേയരാക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ടോക്കൺ സംവിധാനം ഇല്ലാതെ വന്നപ്പോൾ കുത്തിവയ്പു കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു. തുടർന്ന് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ടോക്കൺ നൽകിയതോടെ പ്രതിരോധ കുത്തിവയ്പ് കുറ്റമറ്റതായി.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മാഹിയിൽ കോവിഡ് കേസുകൾ 20 ൽ താഴെയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മാഹി മേഖലയിലെ 90 ശതമാനം പേർക്കും ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടത്തിൽ 53 ശതമാനം പേർ വാക്സിൻ എടുത്തുകഴിഞ്ഞിരുന്നു.18 നും 44 വയസിനുമിടയിലുള്ളവർക്ക് ആദ്യഘട്ടത്തിൽ ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുന്ന പരിപാടി തുടങ്ങിയെങ്കിലും രജിസ്ട്രേഷൻ മിക്കവർക്കും കിട്ടായതോടെ ടോക്കൺ സമ്പ്രദായത്തിലൂടെ നാലു കേന്ദ്രങ്ങളിലായി നൽകിവരികയാണ്. കോവിഷീൽഡ് വാക്സിനാണ് നൽകിവരുന്നത്.
previous post