കണ്ണൂർ എംപി കെ.സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു. ബുധനാഴ്ച രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ആണ് ചടങ്ങ് നടന്നത്. രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും ഹാരാർപ്പണം നടത്തിയ ശേഷമാണ് കെ.സുധാകരൻ കെപിസിസി ആസ്ഥാനത്ത് എത്തിച്ചേർന്നത്.
ചുമതലയേൽക്കൽ ചടങ്ങിന് മുന്നോടിയായി സുധാകരന് സേവാദൾ വോളന്റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകി. അതിനുശേഷം സുധാകരൻ പാർട്ടി പാതക ഉയർത്തി. ചടങ്ങിൽ കെ.സുധാകരൻ സംസാരിച്ചു. സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിടവാങ്ങൽ പ്രസംഗം നടത്തി.
വര്‍ക്കിംഗ് പ്രസിഡന്റുമാരായ ടി.സിദ്ദിഖ്, പി.ടി.തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും സ്ഥാനമേറ്റു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസൻ, താരിഖ് അൻവർ, കെ.മുരളീധരൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.