സംസ്ഥാന വ്യാപക ലോക്ഡൗൺ ബുധനാഴ്ച അർധരാത്രി പിൻവലിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് ടിപിആർ കൂടിയ സ്ഥലങ്ങളിൽ ലോക്ഡൗൺ തുടരാനും ആലോചനയുണ്ട്.
സമ്പൂര്‍ണമായ തുറന്നുകൊടുക്കല്‍ ഉണ്ടാവില്ലെന്നാണ് വിവരം. ടിപിആർ അനുസരിച്ച് നാലായി മേഖലകളായി തിരിച്ച് ഇളവുകൾ നൽകാനാണ് സാധ്യത. ടിപിആർ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും 20ന് മുകളിലുള്ള സ്ഥലങ്ങളിൽ സാധാരണ ലോക്ഡൗണും ഏർപ്പെടുത്തിയേക്കും.
ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്. പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകൾ തുറക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.