23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കുട്ടികളുടെ വളർച്ചയെ ലോക്ക് ചെയ്യാതിരിക്കാൻ
Kerala

കുട്ടികളുടെ വളർച്ചയെ ലോക്ക് ചെയ്യാതിരിക്കാൻ

സ്‌കൂളിൽ പോകാതെ ഇരുന്നിരുന്ന് സ്വഭാവം ആകെ മാറി – കുട്ടികളെ പറ്റി അമ്മമാരുടെ പരിഭവമാണിത്‌. ശീലങ്ങളും സ്വഭാവങ്ങളും വ്യക്തിത്വവുമെല്ലാം വികസിക്കേണ്ട പ്രായത്തിലുള്ള നമ്മുടെ കുട്ടികൾ കഴിഞ്ഞ ഒരു കൊല്ലത്തിലധികമായി വീടുകളിൽ അടച്ചുപൂട്ടി ഇരിപ്പാണ്. ഏറ്റവും അടുത്ത ബന്ധുക്കളും ഏതാനും അയൽക്കാരുമായല്ലാതെ അവർക്ക് സാമൂഹ്യ സാഹചര്യങ്ങളുമായുള്ള നേരിട്ടിടപഴകലുകൾ നഷ്ടമായ കാലമാണ്. അതവരുടെ വളർച്ചയെയും വ്യക്തിത്വ വികാസത്തെയും ഒരളവുവരെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അവർക്ക് അപ്രാപ്യമായ അവസരങ്ങൾ വീടുകളിൽ തന്നെ കഴിയാവുന്നത്ര ഒരുക്കി കൊടുക്കാനാകും. വളരെ ക്രിയാത്മകമായി കുട്ടികളുടെയും മുതിർന്നവരുടെയും ശാരീരിക മാനസികാരോഗ്യത്തിനും ഉല്ലാസത്തിനും ഇവയെല്ലാം പ്രയോജനപ്പെടുത്താം.

ചിട്ടകളും വൈകാരിക പാടവങ്ങളും
ഇനി എന്നാണ് ജീവിതം പഴയപടിയാകുക എന്ന ആശങ്കയുടെ നടുവിൽ ആണ് കുട്ടികൾ. അവർക്ക് വൈകാരിക സമ്മർദങ്ങൾ ഉണ്ടാകുക ഇക്കാലത്ത് സ്വാഭാവികം. വൈകാരിക ബുദ്ധിമുട്ടുകളെ നേരിടുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം ദിവസങ്ങൾക്ക് ഒരു ചിട്ട ഉണ്ടാകുക എന്നതാണ്. ടൈംടേബിൾ വച്ച് കുട്ടികളെ വീണ്ടും ഞെരുക്കുക എന്നല്ല. അതായത് ഒരു ദിവസത്തിൽ വായന, വ്യായാമം, പഠനം, കളി എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവൃത്തികൾ ഉൾപ്പെടുത്തണം. ഇതെല്ലാം എല്ലാ ദിവസവും ചെയ്യുകയും വേണം. വ്യായാമത്തിനുള്ള സമയം കൃത്യമായി പാലിക്കുന്നതൊഴിച്ചാൽ ബാക്കി ഉള്ളതൊക്കെ ഒരു പരിധിവരെ കുട്ടികളുടെ സൗകര്യത്തിന് വിടാം.

വീണ്ടും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. പഠനത്തിനായി വീട്ടിൽ ഒരു പ്രത്യേക സ്ഥാനം നിർണയിക്കുന്നത് നന്നായിരിക്കും. അതിനായുള്ള മേശയും കസേരയും/സ്ഥാനവും മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കരുത്, പ്രത്യേകിച്ച് ഭക്ഷണം കഴിക്കാനും മറ്റും. അത്തരം ചിട്ട കുട്ടികളെ സ്വാഭാവികമായും പഠിക്കാനുള്ള മനഃസ്ഥിതിയിലേക്ക്‌ പരിവർത്തനം ചെയ്യുന്ന പ്രേരകങ്ങളാകും.

സ്‌കൂളും പഠനവും തൽക്കാലം ഓൺലൈൻ ആയി എങ്കിലും നമ്മുടെ രീതികൾ മാറുന്നില്ല എന്നത് അവർക്കൊരു ആശ്വാസമാണ്. ക്ലാസുകൾ എന്നാൽ, അലസമായി സ്‌ക്രീനിന്റെ മുന്നിലിരിക്കുന്നതല്ല എന്ന ബോധ്യം ഉണ്ടാകേണ്ടതുണ്ട്. സ്‌കൂളിൽ ഇരിക്കുന്നത് പോലെ തന്നെ ബാഗും പുസ്തകങ്ങളും ഒക്കെയായി ആ സാഹചര്യം പുനർനിർമിക്കുന്നത് വളരെ സഹായകരമാകും. അച്ചടക്കമടക്കം ശീലിക്കാനും ഇത് സഹായിക്കും. പഠന സാമഗ്രികളുമായി നിശ്ചയിച്ച സ്ഥാനത്ത് ഇരിക്കുമ്പോൾ കുട്ടികളുടെ തലച്ചോറിന് പഠിക്കാനുള്ള തയ്യാറെടുപ്പിലേക്ക്‌ സ്വാഭാവികമായി എത്തിച്ചേരാനാകും.

*വൈകാരികതകളെ കൈകാര്യം ചെയ്യുമ്പോൾ*
കുട്ടികളുടെ വൈകാരികതകൾ അവരെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് മുതിർന്നവർ പഠിപ്പിച്ചു തന്നെ കൊടുക്കേണ്ട ഒരു കാര്യമാണ്. തെറാപ്പി എടുക്കുമ്പോൾ വൈകാരികത കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്ന ഒരു രീതിയാണ് -emotional zone- വികാരങ്ങളുടെ മേഖല. ഓരോ സമയത്തും ഇപ്പോഴെന്താണ് തോന്നുന്നത്, ഏത് സോണിൽ ആണ് എന്ന് ഈ ചിത്രം നോക്കി കണ്ടെത്താൻ പഠിപ്പിക്കുക. റെഡ് സോൺ ആണെങ്കിൽ തിരിച്ചു ഗ്രീനിൽ എത്താൻ മൂന്ന് കാര്യം കണ്ടെത്താൻ അവരോടു തന്നെ ആവശ്യപ്പെടാം. ഉദാഹരണം: ദേഷ്യം വന്നിരിക്കുന്ന സമയമാണ്, ശരി ദേഷ്യം മാറ്റി ശാന്തമാകാൻ എന്തെല്ലാം ചെയ്യാം. എന്തിനാണ് ദേഷ്യം വന്നതെന്ന് മുതിർന്നവരോട് സംസാരിച്ച് അതിന് പരിഹാരം കണ്ടെത്താം, breathing exercises ചെയ്യാം, പാട്ടു കേൾക്കാം, കുറച്ച് നടക്കാം, തണുത്ത വെള്ളം കുടിക്കാം, തണുത്ത വെള്ളത്തിൽ മുഖം കഴുകാം, അങ്ങനെ ചില നിർദേശങ്ങൾ നൽകാം അവർക്ക്. ദേഷ്യപ്പെടുകയും നിരാശപ്പെടുകയും വാശി പിടിക്കുകയും ഒക്കെ കുട്ടികളിൽ കൂടിവരുന്നു എന്നാണ് മാതാപിതാക്കൾ പരാതിപ്പെടുന്നത്. അവരുടെ വികാരവിക്ഷോഭങ്ങളെ സ്വയം കൈകാര്യം ചെയ്യാൻ പഠിപ്പിക്കാനുള്ള നല്ല ഉപകരണമാണ് ഈ ഇമോഷണൽ സോൺ ചാർട്ട്. ഒരു പേപ്പറിൽ വളരെ എളുപ്പം വരച്ചുണ്ടാക്കുന്നതാണ്, അങ്ങനെ എളുപ്പം കാണാൻ സാധിക്കുന്ന എവിടെയെങ്കിലും ഒട്ടിച്ചുവയ്ക്കാം. ആദ്യമാദ്യം ഇത് ഉപയോഗിക്കാൻ പഠിപ്പിക്കുക എന്നത് മുതിർന്നവർ ഓർത്തുവയ്ക്കണം. ദേഷ്യപ്പെടുമ്പോൾ ദേഷ്യം മാറാൻ കുറച്ചുനേരം മൊബൈലിൽ കളിച്ചാൽ മതി എന്നതായിരിക്കും നിങ്ങൾ കേൾക്കാൻ പോകുന്ന ആദ്യ പോംവഴി.

അതുകൊണ്ടാണ് അവർക്കങ്ങോട്ട് ചില നിർദേശങ്ങൾ കൊടുത്തിട്ട് അതിൽനിന്ന് തെരഞ്ഞെടുക്കാൻ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത. ഒരു ദിവസത്തിന്റെ ഏതെങ്കിലും സമയത്ത് ഇപ്പോൾ ഏത് സോണിൽ ആണ് എന്ന് കുട്ടികളോട് ചോദിക്കാം. അത് എന്നും ചെയ്യാം. അവരുടെ നിരാശയും വാശിയും നമ്മൾ തിരിച്ചറിയുന്നുണ്ട് എന്ന അംഗീകാരവും അവർക്ക് ലഭിക്കും. എപ്പോഴും വൈകാരികമായി നമ്മൾ ഗ്രീൻ സോണിൽ ആയിരിക്കണം എന്നില്ല എന്നും മറ്റു വികാരങ്ങളും സ്വാഭാവികമാണെന്നും അവ ഉണ്ടാകുമ്പോൾ അത് തിരിച്ചറിഞ്ഞു അതിനു പരിഹാരം കണ്ടെത്തണമെന്നും നമുക്ക് കുട്ടികളെ പഠിപ്പിക്കാം.

*സാമൂഹ്യപാടവങ്ങൾ*
സാമൂഹ്യ സാഹചര്യങ്ങൾ വീട്ടിൽ തന്നെ പുനരാവിഷ്കരിക്കുക എന്നതാണ് കുട്ടികളുമായി ചെയ്യേണ്ടുന്ന മറ്റൊരു പ്രവൃത്തി. ഒരു പൊതുസ്ഥലത്ത് പോകുന്നതും അവിടെ എത്തുമ്പോൾ ചെയ്യേണ്ട മര്യാദകളും ശീലങ്ങളും വർത്തമാന രീതികളും വേഷവിധാനങ്ങളും അങ്ങനെ സമ്പൂർണമായി ഒരു സാമൂഹ്യ സാഹചര്യം പുനരാവിഷ്കരിക്കുക എന്നതാണ് പ്രധാന ആശയം. കടയിൽ സാധനം വാങ്ങാൻ പോകുന്നത്, സിനിമ കാണാൻ പോകുന്നത്, ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്നത്, വണ്ടിയോടിച്ചു യാത്ര പോകുന്നത്, വഴിയിൽ നിർത്തി ചായ കുടിക്കുന്നത്, ഒരു സ്റ്റേജ് പ്രോഗ്രാം കാണാൻ പോകുന്നത് പോലെ, അതിൽ തന്നെ വീട്ടിലെ ഒരംഗം പരിപാടി അവതരിപ്പിക്കാനും മറ്റുള്ളവർ കാണികളായും അഭിനയിക്കുന്നതും, അല്ലെങ്കിൽ കുട്ടികൾക്ക് ഇഷ്ടമുള്ള സിനിമകൾ കാർട്ടൂണുകൾ എന്നിവയിലെ രംഗങ്ങൾ അഭിനയിക്കുന്നത് അങ്ങനെ അവരെയും ഉൾപ്പെടുത്തി അവരുടെ നിർദേശങ്ങളും ഉൾക്കൊണ്ടുകൊണ്ട്, കഴിയാവുന്നത്ര സാമൂഹ്യ സാഹചര്യങ്ങൾ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം.

തമാശയും ഉല്ലാസവും നിറയുന്ന ഒരു പരിപാടിയായി ചെയ്‌താൽ അതവരുടെ സാമൂഹ്യ പാടവങ്ങൾ, മര്യാദകൾ, ആരോഗ്യമുള്ള ഇടപഴകലുകൾ എന്നിവ നിലനിർത്താൻ ഏറെ സഹായകരമാകും. വീട്ടിൽ തന്നെ ഒരേ അന്തരീക്ഷത്തിൽ ഇരിക്കുന്ന വിരസതയിൽനിന്ന് അവർക്കൊരു മാറ്റവും ലഭിക്കും.

വ്യായാമം
ഏറ്റവും കുറഞ്ഞത് കുട്ടികൾക്ക് വ്യായാമം വേണം. വീട്ടിൽ മുതിർന്നവർ വ്യായാമം ചെയ്യുന്നുണ്ടെങ്കിൽ അതോടൊപ്പം കുട്ടികളെയും ഉൾപ്പെടുത്തണം. പലവിധ വ്യായാമവും വിനോദവും ഒത്തുചേർന്ന പ്രവൃത്തികൾ ദിവസേന എന്ന രീതിയിൽ തന്നെ പരിശീലിപ്പിക്കാം. ബാലൻസ് ചെയ്യുന്ന തരം കളികൾ, ഊഞ്ഞാലാട്ടം, വരിയായി ഇട്ട കസേരയിൽ കയറി വീഴാതെ പിടിച്ചു നടക്കുക, ചെറിയ ഏണി/ജനൽകമ്പി എന്നിവയിൽ പിടിച്ചു കയറുക, സ്കിപ്പിങ് റോപ് കളി തുടങ്ങി അത്തരത്തിലുള്ള വിനോദങ്ങളും ചെറിയ കുട്ടികൾക്കായി ഉൾപ്പെടുത്താം.

വീടിനകം ശുചീകരിക്കുന്നതിൽ കുട്ടികളെ ഉൾപ്പെടുത്തണം, അവനവന്റെയും ചുറ്റുപാടിന്റെയും വൃത്തിയും വെടിപ്പും പാലിക്കുക എന്ന ശീലം ഉത്തരവാദിത്തത്തോടെ അവരെ പഠിപ്പിക്കാം. കുട്ടികളെ പാചകത്തിന് കൂടെ കൂട്ടുക എന്നത് അനായാസം ചെയ്യാം. മുതിർന്നവരുടെ മേൽനോട്ടവും ജാഗ്രതയും കൈവെടിയാതെ വേണം ഇതൊക്കെ ചെയ്യാൻ.
അതവർക്ക്‌ വൈവിധ്യമാർന്ന അനുഭവങ്ങളാണ് ശരീരത്തിനും മനസ്സിനും നൽകുക. ആരോഗ്യമുള്ള ഭക്ഷണ ശീലങ്ങൾ പഠിക്കാനും ഇത്‌ സഹായകമാകും.

മാതൃകയാകുക
ഇത്തരത്തിൽ കുട്ടികൾക്ക് സ്ക്രീൻ നോക്കിയിരിക്കുക എന്നതല്ലാതെ ഒരു വീട്ടിൽ ചെയ്യാനും ഉൾപ്പെടാനും ഇടപഴകാനും നിരവധി പ്രവൃത്തികളും സാധ്യതകളും ഉണ്ട്, അവയെല്ലാം പ്രയോജനപ്പെടുത്താൻ മുതിർന്നവർ ബോധപൂർവം ശ്രദ്ധിച്ചാൽ മാത്രമേ കുട്ടികളെ സഹായിക്കാൻ കഴിയൂ. അലസമായി ആലസ്യത്തോടെ എങ്ങനെയെങ്കിലും തള്ളി നീക്കേണ്ട സമയമായി ഇത് മാറാതെ, പുതിയ ശീലങ്ങൾ, കഴിവുകൾ എന്നിവ വളർത്തുകയും മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരു സമയമായി ഇക്കാലത്തെ മാറ്റണം. വിനോദമായാലും വിദ്യ ആയാലും കുട്ടികളെ കളിയാക്കുകയോ അനാവശ്യമായി സമ്മർദത്തിൽ ആക്കുകയോ മറ്റൊരാളുമായി താരതമ്യം ചെയ്യുകയോ ചെയ്യരുത്. മാനസികാരോഗ്യത്തിന് കടകവിരുദ്ധമായി വർത്തിക്കുന്ന അത്തരം ശീലങ്ങൾ മുതിർന്നവർ ബോധപൂർവം ഒഴിവാക്കണം.

കുഞ്ഞുങ്ങൾക്ക് മാതൃകയാകുക എന്നത് നമുക്ക് ചെയ്യാവുന്ന എളുപ്പമുള്ള കാര്യമാണ്. ചെറുപ്പത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന ധാരണകളും ശീലങ്ങളും ആണ് മുതിരുമ്പോൾ സ്വഭാവവും വ്യക്തിത്വവും ആയി പരിണമിക്കുന്നത്, ആരോഗ്യമുള്ള ശീലങ്ങൾ ആരോഗ്യമുള്ള മനുഷ്യരെ വളർത്തിയെടുക്കുകയും അത് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർക്കുകയും ചെയ്യും.

Related posts

ജെമിനി ശങ്കരന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Aswathi Kottiyoor

ആ​രോ​ഗ്യ​രം​ഗ​ത്ത് ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ സ​ഹ​ക​ര​ണം നി​സ്തു​ലം: മ​ന്ത്രി ശൈ​ല​ജ

Aswathi Kottiyoor

സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 45 ശൈശവ വിവാഹങ്ങൾ.

Aswathi Kottiyoor
WordPress Image Lightbox