27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ല: വിദ്യാഭ്യാസമന്ത്രി.
Kerala

വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ല: വിദ്യാഭ്യാസമന്ത്രി.

വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടിസി നിഷേധിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ വിദ്യാഭ്യാസ അവകാശനിയമം 2009ല്‍ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാന്‍ പാടില്ലെന്നും മന്ത്രി നിര്‍ദേശിച്ചു.

ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് ടി സി ഇല്ല എന്നുള്ളത് ഒരു തടസ്സമല്ല. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടര്‍ച്ച ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകള്‍ക്കായി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായും ഒമ്പത്, പത്ത് ക്ലാസുകാര്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ തുടര്‍പഠനം ഉറപ്പാക്കുന്നതിനും ഉത്തരവിറക്കിയിട്ടുണ്ട്. ടി സി ലഭിക്കാത്ത കുട്ടികളുടെ യുഐഡി പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് മാറ്റാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

ചില അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ടി സി നല്‍കുന്നില്ല എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ ടിസി നിര്‍ബന്ധമായും നല്‍കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ചില അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോവിഡ് കാലത്തും യാതൊരു ന്യായീകരണവും ഇല്ലാതെ വര്‍ധിച്ച നിരക്കില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വിവിധതരം ഫീസ് ഇടാക്കുന്നുണ്ട് എന്ന് പരാതിയുണ്ട്. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖല വിദ്യാഭ്യാസരംഗത്ത് ചെയ്തുകൊണ്ടിരിക്കുന്ന സംഭാവന വിസ്മരിക്കുന്നില്ല. സംസ്ഥാനത്ത് മികച്ച നിലയില്‍ പ്രവര്‍ത്തനം നടത്തുന്ന നിരവധി അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി ചില അണ്‍എയ്ഡഡ് മാനേജ്‌മെന്റുകള്‍ മുന്നോട്ട് പോകുന്നുണ്ട്. ഇത്തരം നിലപാടുകള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കമ്പ്യൂട്ടര്‍ ലാബ് ഫീസ്,ലൈബ്രറി ഫീസ്, സ്മാര്‍ട്ട് ക്ലാസ്‌റൂം ഫീസ് തുടങ്ങിയ ഫീസുകള്‍ രക്ഷിതാക്കളോട് മുന്‍കാലങ്ങളിലെ പോലെ ചില മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ 2020 – 21 അധ്യയന വര്‍ഷം മുതല്‍ ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്ന വസ്തുത ഈ മാനേജ്‌മെന്റുകള്‍ പരിഗണിക്കുന്നില്ല.

സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്, സാംസ്‌കാരിക പരിപാടികള്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ ഫീസ്, ബാഡ്ജ്- ഡയറി ചെലവ് , പ്രോഗ്രസ് റിപ്പോര്‍ട്ട് ചാര്‍ജുകള്‍, പിടിഎ ഫണ്ട്, ഇന്‍ഷുറന്‍സ് തുടങ്ങിയ ഇനങ്ങളില്‍ ഒന്നും ചിലവാക്കുന്നില്ലെങ്കിലും പണം ആവശ്യപ്പെടുന്നുണ്ട് എന്ന് പരാതിയുണ്ട്.

കോവിഡ് കാലഘട്ടത്തില്‍ നല്ലൊരു ശതമാനം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് സ്ഥിരം വരുമാനം, സുരക്ഷിത ജോലി തുടങ്ങിയവ ഇല്ല. കൂടുതല്‍ ഫീസ് ഈടാക്കുന്ന അണ്‍എയ്ഡഡ് മാനേജ്‌മെന്റുകള്‍ ഈ സാഹചര്യം മനസ്സിലാക്കണം. നിരവധി രക്ഷാകര്‍ത്താക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും പരാതികള്‍ നേരിട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ അഭ്യര്‍ത്ഥന എന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Related posts

പ​രി​ഷ്ക്ക​ര​ണം വ​രു​ന്നു, പാ​ഠ​പു​സ്ത​ക​ങ്ങ​ൾ മാ​റും

Aswathi Kottiyoor

വ്യാജ ഡീസൽ ഉപയോഗം തടയും: മന്ത്രി

Aswathi Kottiyoor

സിപിഐഎം കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയുടെ ബഹുജന ധർണ്ണ ഇന്ന് നീണ്ടുനോക്കിയിൽ

Aswathi Kottiyoor
WordPress Image Lightbox