വ്യാപനശേഷി കൂടുതലുള്ള കൊറോണയുടെ ഡെൽറ്റ വകഭേദത്തിലുള്ള വൈറസുകൾ കേരളത്തിൽ വ്യാപകമായതിനാലാണ് രണ്ടാം തരംഗം നിലനിൽക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നേരത്തേ ഒരാളിൽനിന്നു രണ്ടു-മൂന്നു പേരിലേക്കാണു രോഗം വ്യാപിച്ചിരുന്നത്. എന്നാൽ ഡെൽറ്റ വൈറസ് 5 മുതല്‍ 10 പേരിലേക്കുവരെ പകരാൻ സാധ്യതയുണ്ട്. വാക്സിൻ എടുത്തവരിലും ഒരിക്കൽ രോഗം വന്നു പോയവരിലും രോഗമുണ്ടാക്കാൻ ഡെൽറ്റ വൈറസിനു കഴിയും. മറ്റു രോഗമുള്ളവരിലാണ് കൂടുതലും രോഗബാധയുണ്ടാകുന്നതും അസുഖം മൂർച്ഛിച്ച് മരണമുണ്ടാകുന്നതും.
രണ്ടാമത്തെ തരംഗത്തിനും മൂന്നാമത്തെ തരംഗത്തിനുമിടയിലെ ഇടവേളയുടെ ദൈർഘ്യം വർധിപ്പിക്കണം.
പെട്ടെന്നുതന്നെ അടുത്ത തരംഗമുണ്ടാവുകയും അത് ഉച്ചസ്ഥായിയിൽ എത്തുകയും ചെയ്താൽ മരണങ്ങൾ കൂടുതലായി സംഭവിക്കാം. അതുകൊണ്ട് ലോക്ഡൗണ്‍ ഇളവുകൾ ശ്രദ്ധാപൂർവം മാത്രം നടപ്പിലാക്കാനും, ലോക്ഡൗണ്‍ കഴിഞ്ഞാലും കോവിഡ് മാനദണ്ഡങ്ങൾ തുടരാനും ശ്രദ്ധിക്കേണ്ടതുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാതെ ഏകദേശം ഒരേ നിലയിൽ തുടരുന്ന സാഹചര്യമുണ്ടായതിനാലാണ് ലോക്ഡൗണ്‍ നീട്ടിയതെന്നു മുഖ്യമന്ത്രി പറഞ്ഞു.