കേരളത്തിന്റെ തീരങ്ങള്‍ സുരക്ഷിതമാക്കുന്നതിനു സാമ്പത്തിക വിനിയോഗ അധികാരമുള്ള തീരദേശ സംരക്ഷണ അഥോറിറ്റി രൂപീകരിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബജറ്റു പ്രഖ്യാപനത്തിലൂടെ തീരദേശവാസികള്‍ക്കു വന്‍പ്രതീക്ഷകള്‍ നല്‍കിയിരിക്കുന്ന സര്‍ക്കാര്‍ സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക സമുദ്രദിനത്തില് പിഒസി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടലിലും തീരങ്ങളിലും ജീവന്റെ സംരക്ഷണം ഉറപ്പുവരുത്തുന്ന ദിനമായി സമുദ്രദിനം ആചരിക്കപ്പെടണമെന്നു സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യസന്ദേശത്തില്‍ പറഞ്ഞു. നിലവിലുള്ള പുനര്‍ഗേഹം പദ്ധതി നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണെന്നും കടല്‍ഭിത്തിയോടു ചേര്‍ന്ന് 50 മീറ്ററിനുള്ളില്‍ വീടുള്ളവര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും യോഗം അഭിപ്രായപ്പെട്ടു.
തീരങ്ങളുടെ സംരക്ഷണങ്ങള്‍ക്ക് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കേരള ലത്തീന്‍ സഭാധ്യക്ഷന് ബിഷപ് ഡോ. ജോസഫ് കരിയില്‍, ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെആര്‍എല്‍സിസി വൈസ് ചെയര്മാന് ജോസഫ് ജൂഡ്, പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ. ഡാല്‍ഫിന്‍, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, കെഎല്‍സിഎ സെക്രട്ടറി അഡ്വ. ഷെറി തോമസ്, എംസിഎ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, സിഎസ്എസ്എസ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന് കടേപ്പറമ്പില്‍, എഡിഎസ് ഡയറക്ടര്‍ ഫാ. സാംസണ് ആഞ്ഞിലിപ്പറമ്പില്‍, ഫാ. പി.ടി. മാത്യു, ജനകീയവേദി വക്താവ് വി.ടി. സെബാസ്റ്റ്യന്‍, പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, സീക്കേഴ്സ് ഓഫ് ട്രൂത്ത് അംഗം ഫാ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.