23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • കരയിടിച്ചിൽ രൂക്ഷമായി – പഴശ്ശി പദ്ധതിയുടെ ജലാശയത്തോട് ചേർന്ന പല പ്രദേശങ്ങളും അപകടാവസ്ഥയിൽ
Iritty

കരയിടിച്ചിൽ രൂക്ഷമായി – പഴശ്ശി പദ്ധതിയുടെ ജലാശയത്തോട് ചേർന്ന പല പ്രദേശങ്ങളും അപകടാവസ്ഥയിൽ

ഇരിട്ടി: പഴശ്ശി ജലാശയത്തോട് ചേർന്ന് നിൽക്കുന്ന പല പ്രദേശങ്ങളിലും കരയിടിച്ചിൽ രൂക്ഷം . പുഴയോര വാസികളുടെ സ്വകാര്യ ഭൂമിപോലും ഇടിഞ്ഞു താഴുന്ന അവസ്ഥ വന്നതോടെ ഇത്തരം മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലായി. വേനൽക്കാലത്ത് ഷട്ടർ അടച്ച് ജലം സംഭരിച്ച് നിർത്തുകയും മഴക്കാലത്ത് ഷട്ടറുകൾ പൂർണ്ണമായും തുറക്കുന്നതോടെ കൂത്തിയൊഴുകിപ്പോകുന്ന ജലവും കരയിടിച്ചിലിന് കാരണമാകുന്നു. കൂടാതെ മഴക്കാലത്ത് മലയോര മേഖലകളിൽ ഉണ്ടാകുന്ന ഉരുൾ പൊട്ടലും ബാരാപ്പോൾ , ബാവലി അടക്കം അഞ്ചോളം പുഴകളിൽ നിന്നുമുള്ള മലവെള്ളപ്പാച്ചിലും കരയിടിച്ചിലിനു ശക്തികൂട്ടുന്നു. നാലു വര്ഷത്തിലേറെയായി പുഴകളിൽ നിന്നും മണൽ ശേഖരിക്കുന്നത് നിർത്തിയതും ഇരിട്ടി പാലം നിർമ്മാണത്തിനായി പുഴയിൽ തള്ളിയ ആയിരക്കണക്കിന് ലോഡ് മണ്ണ് ജലാശയത്തിൽ ഒഴുകി അടിഞ്ഞതും പുഴയുടെ ആഴം ഗണ്യമായി കുറക്കാനിടയായി. ഇതുമൂലം പലസ്ഥലങ്ങളിലും പുഴ ഗതിമാറിയൊഴുകാൻ തുടങ്ങി. ചെറിയ മഴ പെയ്യുമ്പോഴേക്കും പുഴ കരകവിഞ്ഞൊഴുകുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇതെല്ലാം കരയിടിച്ചിൽ രൂക്ഷമാക്കാൻ ഇടയാക്കിയിരിക്കയാണ്.
പഴശി പുഴയോരത്തെ എടക്കാനം മേഖലയിൽ ഇരുകരകളും പുഴയെടുക്കുന്ന അവസ്ഥയാണ്. എടക്കാനം നെല്ലാറക്കൽ മുതൽ വൈദ്യരുകണ്ടി കടവ് വരെ എക്കറുകണക്കിന് പുഴയോരം ഇടിഞ്ഞുതാണ് പുഴയോട് ചേർന്നത് മേഖലയിലെ നൂറോളം കുടുംബങ്ങളെ ഭീതിയിലാക്കുകയാണ്. ആദ്യകാലത്ത് കാലവർഷങ്ങളിലും മറ്റും ചെറിയ തോതിലുള്ള കരയിടിച്ചിൽ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത്തെ സ്ഥിതിയാകെ മാറിയിരിക്കയാണ്. സ്വന്തം സ്ഥലവും പുരയിടവും പുഴയെടുക്കുമോ എന്ന ഭീതിയിലാണ് പല കുടുംബങ്ങളും. മണ്ണ് കുത്തിയൊലിച്ചു പോയതിനെ തുടന്ന് പല സ്ഥലങ്ങളിലും കൂറ്റൻ ഗർത്തങ്ങളും രൂപപ്പെട്ടിരിക്കുകയാണ്.
പഴശ്ശി ജലാശയം അതിരു പങ്കിടുന്ന കീഴൂർ മഹാദേവ ക്ഷേത്ര ഭൂമിയും വർഷങ്ങളായി പുഴയെടുത്തു കൊണ്ടിരിക്കുകയാണ്. രണ്ടര പതിറ്റാണ്ട് മുൻപ് ക്ഷേത്ര ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്കും അന്നത്തെ സർക്കാരിനും നൽകിയിരുന്നെങ്കിലും ഫലം കണ്ടില്ല. പഴശ്ശി അധികൃതർ അന്ന് നാലു ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സംരക്ഷണ ഭിത്തി കെട്ടുന്നതിനായി കരാർ ചെയ്യപ്പെട്ടെങ്കിലും തുക പോരെന്ന് പറഞ്ഞ് കരാറുകാരൻ പിൻവാങ്ങുകയായിരുന്നു. ക്ഷേത്രം ഭരണാധികാരികൾ ശ്രമം തുടർന്നെങ്കിലും ഇതുവരെ ഫലം കണ്ടില്ല. ഇപ്പോൾ അനുദിനം കരയിടിഞ്ഞുതാണ് അത്യന്തം അപകടകരമായ അവസ്ഥയിലാണ് ക്ഷേത്ര ഭൂമി . രണ്ടുവർഷമായി ഇവിടെ പുഴ ഗതിമാറി ഒഴുകുന്നതും കരയിടിച്ചലിന് ആക്കം കൂട്ടിയിരിക്കയാണ്.
കരയിടിച്ചിൽ തടയുന്നതിനായി പുഴയോരത്ത് സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് പുഴയോര നിവാസികളും വര്ഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്. എന്നാൽ അധികൃതർ ഇതിന് ചെവികൊടുക്കുന്നില്ല. അതേ സമയം കഴിഞ്ഞ വര്ഷം പഴശ്ശിയുടെ ഭൂമി സംരക്ഷിക്കാനെന്ന പേരിൽ ലക്ഷങ്ങൾ മുടക്കി കമ്പിവേലി കെട്ടൽ എന്ന പ്രഹസനവും നടന്നു. ഇവ പലയിടങ്ങളിലും തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ .
മുളകളും മറ്റ് വൃക്ഷങ്ങളും അതിരുകളിൽ വെച്ച് പിടിപ്പിച്ചാൽ മണ്ണൊലിപ്പിന് ഏറെ സഹായകരമാവും. എന്നാൽ അധികൃതർ ഇതിനു തയ്യാറാവുന്നില്ല. അതേസമയം മരങ്ങൾ നട്ടുപിടിപ്പിക്കാൻ മുന്നോട്ട് വന്ന ചില സന്നദ്ധ സംഘടനകളെ ഇറിഗേഷൻ അധികൃതർ അനുവാദം നൽകാതെ മടക്കിയയച്ചതായും നാട്ടുകാർ പറഞ്ഞു. അടിയന്തിരമായും അധിക്യതർ ഇടപെട്ട് ഇതിനു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Related posts

ഉളിക്കൽ പഞ്ചായത്തിലെ വന്യമൃഗ ശല്യം എം എൽ എ യുടെ നേതൃത്വത്തിൽ സർവക്ഷിയോഗം

Aswathi Kottiyoor

ഇ​രി​ട്ടി പ​ഴ​യ പാ​ലം പൈ​തൃ​ക​ സ്മാ​ര​ക​മാ​ക്കും

Aswathi Kottiyoor

ഇരിട്ടി കല്ല്യാണി സ്‌കൂൾ ഓഫ് കർണ്ണാട്ടിക്ക് മ്യൂസിക് ഏഴാം വാർഷികാഘോഷം 26 ന്

Aswathi Kottiyoor
WordPress Image Lightbox