കണ്ണൂർ: അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന കണ്ണൂർ നഗരത്തിലെ കോടതിസമുച്ചയത്തിന് ഒടുവിൽ ശാപമോക്ഷം.
വികസനവഴികളിൽ കേരളത്തിലെ മറ്റു കോടതികൾ മുന്നേറുന്പോഴും മുരടിപ്പിലായിരുന്ന കണ്ണൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിസമുച്ചയത്തിനാണ് ഇപ്പോൾ പുതുജീവൻ വയ്ക്കുന്നത്. അഭിഭാഷകരുടെയും നാട്ടുകാരുടെയും അഭ്യർഥനയും നിവേദനവും കണക്കിലെടുത്ത് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎയുടെ ഫണ്ടിൽനിന്ന് 24.55 കോടി ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്ലാൻ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതോടെയാണ് ഏഴു നിലയുള്ള കോടതിസമുച്ചയ നിർമാണത്തിന് വഴിതുറന്നത്. ഏഴു കോടതികളാണ് ഇവിടെ പ്രവർത്തിക്കുക. കെട്ടിടത്തിന്റെ താഴെ വാഹനപാർക്കിംഗ്, മുകൾനിലയിൽ മുൻസിഫ്, മജിസ്ട്രേറ്റ് എന്നിവർക്ക് താമസിക്കാനുള്ള സംവിധാനം അടക്കമുള്ളതാണ് പുതിയ കെട്ടിടസമുച്ചയം. സ്ഥലസൗകര്യം ലഭിക്കുന്നതോടെ പുതിയ അഡീഷണൽ ജില്ലാ കോടതികളും കണ്ണൂരിൽ വരും.
ഇതുവരെ അഡീഷണൽ ജില്ലാ കോടതികൾക്ക് സ്ഥലപരിമിതിയായിരുന്നു തടസമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. 2012-ൽ സബ്കോടതി യാഥാർഥ്യമായതുമുതൽ കൂടുതൽ കോടതികളോടെയുള്ള കോടതിസമുച്ചയത്തിന് ശ്രമം തുടങ്ങിയിരുന്നു. ഒടുവിൽ 2019 ജൂലൈ ഒന്നിനാണ് അധികൃതരുടെ ശ്രദ്ധയിൽ കോടതി സ്ഥാപിക്കണമെന്ന നിർദേശം ശക്തമായി ഉയരുന്നത്. അന്നത്തെ മന്ത്രിമാരായ ഇ.പി. ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ പിന്തുണയും പദ്ധതി വേഗത്തിലാക്കി. 2021 മേയ് 31 നാണ് സർക്കാർ ഭരണാനുമതി നൽകുന്നത്. എന്നാൽ നിലവിലെ കോടതിക്ക് പുറകിലുള്ള മുൻസിഫ്, മജിസ്ട്രേറ്റ്, മൊബൈൽ മജിസ്ട്രേറ്റ് എന്നിവരുടെ ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റാതെ കെട്ടിടസമുച്ചയം സ്ഥാപിക്കാനാകില്ല. ഇതോടെ ഇവർക്ക് താത്കാലികമായി താമസിക്കാനുള്ള വാടകക്കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാർ അസോസിയേഷനും മറ്റു സംഘടനകളും.
താമസസൗകര്യം ലഭിക്കുന്ന മുറയ്ക്ക് മുൻസിഫുമാരും മജിസ്ട്രേറ്റുമാരും മാറുന്നതോടെ ക്വാർട്ടേഴ്സ് പൊളിച്ചുനീക്കി പ്രവൃത്തി തുടങ്ങാനാകും. നിലവിൽ മൊബൈൽ മജിസ്ട്രേറ്റ് ഇല്ലാത്തതിനാൽ ക്വാർട്ടേഴ്സ് അടഞ്ഞുകിടക്കുകയാണ്. 1907 ൽ-സ്ഥാപിച്ച കോടതിയുടെ പഴയ കെട്ടിടം അതേപോലെ നിലനിർത്തിയാകും പുതിയ കെട്ടിടസമുച്ചയത്തിന്റെ നിർമാണം.
നിലവിൽ 400 ലേറെ അഭിഭാഷകരും 150 ലധികം ജീവനക്കാരും ഈ കോടതി സമുച്ചയത്തിന്റെ ഭാഗമാണ്. പുതിയ കെട്ടിടം വരുന്നതോടെ പുതിയ കോടതികളും കണ്ണൂരിലേക്കു വരും. കെട്ടിടത്തിന്റെ പ്രവൃത്തി എത്രയും വേഗത്തിൽ ആരംഭിക്കാനുള്ള നടപടികളിലാണ് പൊതുമരാമത്ത് വകുപ്പ്.