28.9 C
Iritty, IN
July 27, 2024
  • Home
  • Kerala
  • രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Kerala

രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം മാമ്പഴക്കര അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ: 92.56 ശതമാനം), ആലപ്പുഴ നെഹ്‌റു ട്രോഫി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ: 89.96 ശതമാനം) എന്നീ കേന്ദ്രങ്ങൾക്കാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. പോരായ്മകൾ പരിഹരിച്ച് ഈ രണ്ട് കേന്ദ്രങ്ങളിലും മികച്ച ചികിത്സാ സൗകര്യങ്ങളാണൊരുക്കിയത്. കോവിഡ് കാലത്ത് സംസ്ഥാനത്തെ കൂടുതൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത് അഭിമാനമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ഇതോടെ സംസ്ഥാനത്ത് ആകെ 121 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചത്. മൂന്ന് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, ഏഴ് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 30 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 77 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയത്.
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ആദ്യത്തെ 12 സ്ഥാനങ്ങളും കേരളം ഇപ്പോഴും നിലനിർത്തുകയാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസർഗോഡ് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ്. ജില്ലാതല ആശുപത്രികളിൽ കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 96 ശതമാനം സ്‌കോറോടെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടു. ചാലക്കുടി താലൂക്ക് ആശുപത്രി 98.07 ശതമാനം സ്‌കോർ നേടി ഇന്ത്യയിലെ ഏറ്റവും മികച്ച സബ്ജില്ലാ ആശുപത്രിയായി മാറി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എൻ.ക്യു.എ.എസ് അംഗീകാരം നേടുന്ന സംസ്ഥാനവും (30 കേന്ദ്രങ്ങൾ) കേരളമാണ്.

Related posts

ആശ്രിതനിയമനം മാതൃവകുപ്പിലെ ഒഴിവിൽ നടത്താമെന്ന്‌ നിലവിൽ വ്യവസ്‌ഥയുണ്ട്‌: മുഖ്യമന്ത്രി.

Aswathi Kottiyoor

സജി ചെറിയാന്റെ സത്യപ്രതിജ്ഞ: സമ്മർദത്തിലായത്‌ മാധ്യമങ്ങൾ

Aswathi Kottiyoor

കുതിപ്പിന്‌ കെഎസ്‌ആർടിസി; സ്വിഫ്‌റ്റ് യാത്ര തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox