കൊച്ചി:കായൽപ്പരപ്പിലൂടെ അതിവേഗം നീന്തിയെത്തി കാഴ്ചക്കാരെ അതിശയിപ്പിച്ച് കരയിലേക്ക് അനായാസം ഓടിക്കയറുന്ന ബോട്ട്. ജയിംസ് ബോണ്ട് സിനിമകളെ ഓർമപ്പെടുത്തുംവിധം കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കാവുന്ന ഇത്തരം ആംഫിബിയൻ വാഹനങ്ങൾ ഇനി കൊച്ചിക്കും സ്വന്തമാകുന്നു. ലോക ജല ടൂറിസം ഭൂപടത്തിൽ കൊച്ചിക്ക് കൂടുതൽ തിളക്കംനൽകുന്ന ഈ ആശയത്തിന് സംസ്ഥാന ബജറ്റിലൂടെ ജീവൻവച്ചിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കായി അഞ്ചുകോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.
അമേരിക്ക, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ വിനോദയാത്ര നടത്തിയിട്ടുള്ളവർക്ക് പരിചിതമായ ഈ വാഹനം ഇന്ത്യൻ ടൂറിസം മേഖലയിലേക്ക് ആദ്യമായാണ് ചുവടുവയ്ക്കുന്നത്. ഹോങ്ക്കോങ്ങിൽനിന്ന് മക്കാവു ദ്വീപിലേക്കു പോകുന്ന വിനോദസഞ്ചാരികൾ ഏറെ ആസ്വദിക്കുന്ന ആംഫിബിയൻ യാത്രകൾ ബിബിസിയുടെ ടെലിവിഷൻ പരമ്പരകളിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ശ്രീലങ്കൻ ടൂറിസത്തിന്റെ കടുത്തവെല്ലുവിളിയെ നേരിടുന്നതിന് സംസ്ഥാന ടൂറിസത്തിന് കരുത്തുപകരുന്ന ഈ നൂതന പദ്ധതിയെ ടൂറിസംമേഖല നിറഞ്ഞകൈയടിയോടെ സ്വാഗതം ചെയ്യുകയാണെന്ന് കൊച്ചിയിലെ സ്പൈസ്ലാൻഡ് ഹോളിഡേയ്സിന്റെ എംഡിയും ഫിക്കിയുടെ കേരള ടൂറിസം കൗൺസിൽ ചെയർമാനുമായ യു സി റിയാസ് പറയുന്നു. കൊച്ചിയുടെ ഗതാഗതസൗകര്യം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റിയെടുക്കാനാകുന്ന ഈ പദ്ധതി ക്രമേണ ജല മെട്രോയുമായി ചേർത്ത് സാധാരണക്കാർക്കും ഉപയുക്തമാക്കാനുള്ള സാധ്യതകളുമുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കോട്ടപ്പുറവുമായി ബന്ധിപ്പിച്ച് മുസിരീസ് പൈതൃക ടൂറിസം പദ്ധതിക്ക് കായൽപ്പാത പരമാവധി ഉപയോഗപ്പെടുത്താനും സാധിക്കും. കൊച്ചി കൂടാതെ പദ്ധതിയുടെ ആദ്യഘട്ടത്തിൽ കൊല്ലത്തും തലശേരിയിലും ആംഫിബിയൻ യാത്രകൾ ആരംഭിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.