21.6 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • അവശ്യസാധനങ്ങൾക്ക്‌ വിലകൂടുന്നു; ഇന്ധനവില കൂട്ടുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം: മുഖ്യമന്ത്രി…………..
Thiruvanandapuram

അവശ്യസാധനങ്ങൾക്ക്‌ വിലകൂടുന്നു; ഇന്ധനവില കൂട്ടുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം: മുഖ്യമന്ത്രി…………..

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന നിലപാടില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും സി എച്ച്‌ കുഞ്ഞമ്പുവിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ക്രൂഡോയിലിന്‌ അന്താരാഷ്ട്ര കമ്പോളത്തില്‍ വില കുറയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ വര്‍ദ്ധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്രോള്‍-ഡീസല്‍ വില നിയന്ത്രണം 2010 ലും 2014 ലും കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയശേഷം ഇന്ധന വില ക്രമാനുഗതമായി ഉയരുകയാണ്‌. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡോയില്‍ വില താഴുമ്പോള്‍ അതിന്‍റെ നേട്ടം രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്ന് ഉയര്‍ത്തിയ അവകാശവാദം വെറുതെയായി. വില താഴുമ്പോള്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വില താഴാതെ പിടിച്ചുനിര്‍ത്തുകയാണ്‌ ചെയ്യുകയാണ്‌.

കേന്ദ്ര സര്‍ക്കാരിന്‍റെ കഴിഞ്ഞ ആറു വര്‍ഷക്കാലത്തിനുള്ളിൽ പെട്രോളിന്മേലും ഡീസലിന്മേലുമുള്ള കേന്ദ്ര നികുതി 307 ശതമാനം വര്‍ദ്ധിപ്പിച്ചു. 2021 ല്‍ ഇതിനകം പെട്രോള്‍-ഡീസല്‍ വില 19 തവണ വര്‍ദ്ധിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയില്‍ നാലിനങ്ങളുണ്ട്. അവ ബേസിക് എക്സൈസ് തീരുവ, സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തലസൗകര്യ വികസന സെസ്, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി & റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ്. ഇതില്‍ ബേസിക് എക്സൈസ് തീരുവ ഒഴികെയുള്ളവ ഒന്നുംതന്നെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. എല്ലാ വിലവര്‍ദ്ധനയും പങ്കിടേണ്ടാത്ത തീരുവകളിലാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിക്കൊണ്ടിരിക്കുന്നത്.

2021 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിൻമേല്‍ ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയില്‍ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട ബേസിക് എക്സൈസ് തീരുവ.ഈ അവസ്ഥ നിലനില്‍ക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന വിചിത്രവാദമുയര്‍ത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

Related posts

കുതിച്ച്‌ കെൽട്രോൺ ; വിറ്റുവരവിൽ റെക്കോഡ്‌ ; അറ്റാദായം 20 കോടി

Aswathi Kottiyoor

നാളെ ലോക്ഡൗണിന് സമാനം; യാത്രകളിൽ കാരണം വ്യക്തമാക്കുന്ന രേഖ കാണിക്കണം

Aswathi Kottiyoor

പുതിയ സാമ്പത്തിക വർഷം തുടങ്ങി; പുതിയ നടപടികളും…..

Aswathi Kottiyoor
WordPress Image Lightbox