കണ്ണൂർ: അതിതീവ്ര കോവിഡ് വ്യാപന സാഹചര്യത്തിൽ കണ്ണൂർ ജില്ലയ്ക്ക് ഡൽഹിയിൽനിന്ന് പ്രാണവായു നൽകി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിഎംസി ഇന്ത്യ എന്ന സന്നദ്ധസംഘടനയാണ് കണ്ണൂരിലേക്ക് പ്രാണവായു ലഭ്യമാക്കാനുതകുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകിയത്. അമേരിക്കയിലെ സന്നദ്ധസംഘടനയായ കർമോദയ മുഖേന നടപ്പാക്കുന്ന പ്രാണവായു പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലേക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ എത്തിച്ചത്.
ജില്ലയിലേക്ക് നൽകിയ അഞ്ച് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിൽനിന്ന് ജില്ലാകളക്ടർ ടി.വി. സുഭാഷ് ഏറ്റുവാങ്ങി. തുടർന്ന് ഇത് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായ്ക്കിന് കൈമാറി. ജില്ലയിൽ ഐആർപിസി, യുവധാര തുടങ്ങിയവയുടെ സഹകരണത്തോടെ സാമൂഹ്യസുരക്ഷാ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാണവായു പദ്ധതിയുടെ ഭാഗമായി ഗുരുതര രോഗബാധയുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യമായി ഈ സേവനം ലഭ്യമാക്കും. സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, ഡിഎംസിഐ ജില്ലാ കോ -ഓർഡിനേറ്റർ ഡോ. എം. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.