കോവിഡിന്റെ രണ്ടാം തരംഗത്തിൽ വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത് സ്കൂൾ വിപണിയുമായി ബന്ധപ്പെട്ട വ്യാപാരമേഖലയാണ്. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സംസ്ഥാനത്തെ സ്കൂള്‍ സീസണ് കച്ചവടം ഇല്ലാതാകുന്നത്. ക്ലാസുകള്‍ ഓണ്‍ലൈനിലായതോടെ നോട്ട് ബുക്ക് മുതല്‍ കുട വരെയുള്ള കച്ചവടം നിലച്ചു. സ്കൂള്‍ സീസണില്‍ വ്യാപാരം നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തുന്ന ആയിരങ്ങള്‍ക്കാണ് തിരിച്ചടിയായത്. കൈത്തറി തൊഴിലാളികളും തയ്യൽക്കാരും സ്കൂള്‍ തുറക്കാത്തതിനാല്‍ കഷ്ടത്തിലാണ്. മുൻ വർഷങ്ങളിൽ ഏകദേശം 45 ലക്ഷം പ്ലാസ്റ്റിക് സ്കൂള്‍ ബാഗുകളാണ് കേരളത്തില്‍ വിറ്റത്. ബാഗൊന്നിന് ശരാശരി 400 രൂപ കണക്കാക്കിയാല്‍ ഏറ്റവും ചുരുങ്ങിയത് 180 കോടിയുടെ സ്കൂള്‍ ബാഗ് വ്യാപാരമാണ് നടന്നത്. ഈ വില്പനയാണ് ഇപ്പോള്‍ ഇല്ലാതെയായത്. സ്കൂള്‍ തുറക്കുമ്പോള്‍ വില്പനയില് മുന്നില്‍ നിന്നിരുന്ന ഷൂസ് ഇപ്പോള്‍ കടകളില്‍ കെട്ടികിടക്കുകയാണ്. നിരവധി പാദരക്ഷായൂണിറ്റുകളാണ് സ്കൂള്‍ തുറക്കാത്തത് കാരണം വലിയ പ്രതിസന്ധിയിലായത്. വായ്പകൾ തിരിച്ചടയ്ക്കാൻ പറ്റാതെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ മേഖല സെക്രട്ടറി കുഞ്ഞുകുഞ്ഞൻ പറഞ്ഞു. വ്യാപാരികളെ സഹായിക്കാൻ സർക്കാർ വേണ്ട നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.