പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു പഴുതടച്ച സുരക്ഷാ സന്നാഹമൊരുക്കി സിറ്റി പൊലീസ്. ട്രിപ്പിൾ ലോക്ക്ഡൗണിന്റെ നിയന്ത്രണങ്ങൾക്കിടയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കു സത്യപ്രതിജ്ഞാ വേദിയിലേക്കെത്തുന്നതിനും വാഹനങ്ങളുടെ പാർക്കിങ്ങിനുമൊക്കെ ചിട്ടയായ സൗകര്യങ്ങൾ പൊലീസ് സജ്ജമാക്കി. സത്യപ്രതിജ്ഞാ വേദിയിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിനും പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സിറ്റി പോലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിലാണു സത്യപ്രതിജ്ഞാ ചടങ്ങിന്റെ വിവിധ ജോലികൾക്കായി പൊലീസിനെ വിന്യസിച്ചത്. സത്യപ്രതിജ്ഞാ വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനും പരിശോധിക്കുന്നതിനുമായി സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റ്, ജേക്കബ്‌സ് ജങ്ഷൻ, ഊറ്റുകുഴി, ഗവൺമെന്റ് പ്രസ് ജംഗ്ഷൻ, ആസാദ് ഗേറ്റ്, വാൻറോസ് എന്നിവിടങ്ങളിൽ പൊലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി എല്ലാ ഡ്യൂട്ടി പോയിന്റുകളിലും പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു. അതിവിശാലമായ സത്യപ്രതിജ്ഞാ പന്തലിൽ ഇരുപത്തഞ്ചിൽ താഴെ പോലീസുകാരെ മാത്രമാണ് വിന്യസിച്ചത്. വേദിയിലേക്കുള്ള മൂന്ന് കവാടങ്ങളിലും പരിശോധനയ്ക്കായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. പാസ് അനുവദിച്ചവരെ കോവിഡ് പരിശോധന നടത്തിയതിന്റേയും വാക്‌സിനെടുത്തതിന്റെയും സർട്ടിഫിക്കറ്റുകൾ കൃത്യമായി പരിശോധിച്ചാണു പ്രവേശനം നൽകിയത്.
നഗരാതിർത്തി മുതൽ മൂന്നു ലെയറുകളായി ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തി. ക്ഷണിക്കപ്പെട്ടവർക്കു മാത്രം പ്രവേശനം ഉറപ്പാക്കാനും ആൾത്തിരക്ക് ഒഴിവാക്കാനും വിട്ടുവീഴ്ചയില്ലാത്ത പ്രൊഫഷണൽ സമീപനമാണ് പോലീസ് കൈക്കൊണ്ടത്.