മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിൽ മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്നത് ഒഴിവാക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും നഗരസഭാ ആരോഗ്യവിഭാഗവും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും ചേർന്നു നടത്തിയ പരിശോധനയിൽ ഡെങ്കി, മലേറിയ, മന്ത് എന്നീ രോഗവാഹകരായ കൊതുകുകളുടെ കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തി.
ഇത്തരം പ്രദേശം വൃത്തിയാക്കുന്നതിനും കൂത്താടികളെ നശിപ്പിക്കുന്നതിനും കെട്ടിട ഉടമകൾക്ക് നിർദേശം നൽകി. ലംഘിക്കുന്ന കെട്ടിട നിർമാതാക്കൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി എസ്. വിനോദ്കുമാർ അറിയിച്ചു.
ഇരിട്ടി റോഡിൽ ഗാർഹിക മാലിന്യം വാഹനത്തിൽ കൊണ്ടുവന്നു തള്ളിയ ഫർണിച്ചർ ഷോപ്പുടമയെ കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ചു. തലശേരി റോഡരികിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ച ഗ്രാനൈറ്റ് കടയുടമയ്ക്ക് പിഴ ചുമത്തി. പരിശോധനകളിൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ രാഗേഷ് പാലേരി വീട്ടിൽ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നമിത നാരായണൻ, ഷിജോയ് കുമാർ കാര്യത്ത്, ശ്യാം കൃഷ്ണൻ, ശ്രീജിത്ത് ,ജില്ലാ വെക്ടർ കൺട്രോൾ വിഭാഗം മട്ടന്നൂർ യൂനിറ്റ് ഫീൽഡ് അസിസ്റ്റന്റ് എം. രാജൻ എന്നിവർ നേതൃത്വം നൽകി.