കണ്ണൂര്‍: രണ്ടാം പിണറായി സർക്കാരിൽ കൂടുതൽ പ്രതീക്ഷകളിലാണ് കണ്ണൂർ ജില്ല. യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികളും ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളില്‍ പലതും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ഒട്ടനവധി വന്‍ പദ്ധതികളാണ് ജില്ലയില്‍ പൂര്‍ത്തിയാകാതെ കിടക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നും ജില്ല പ്രതീക്ഷിക്കുന്നു. വിമാനത്താവള വികസനം, ദേശീയ പാത, അഴീക്കല്‍ തുറമുഖം, റെയില്‍വേ സ്റ്റേഷന്, ഉള്‍നാടന്‍ ജലഗതാഗതം, ഗെയില്‍ പദ്ധതി, ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പോ, സൈബര്‍ പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, കൈത്തറി ഉള്‍പ്പെടയുള്ള നിരവധി മേഖലകളുടെ വികസനത്തിനാവശ്യമായ നടപടികള്‍
ഉണ്ടാകേണ്ടതുണ്ട്.
വിമാനത്താവളം
കണ്ണൂര്‍ അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
റണ്‍വേ നീട്ടുന്ന പ്രവൃത്തി
പൂര്‍ത്തീകരിക്കാനുണ്ട്.
വിദേശ വിമാന കമ്പനികളുടെ സര്‍വീസ് സംബന്ധിച്ചും തീരുമാനമുണ്ടാകണം.
വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ വികസനത്തിലും അനുബന്ധ വികസനത്തിലും
അടിയന്തര ഇടപെടല്‍ വേണം.
അഴീക്കല്‍ തുറമുഖം
അഴീക്കലിൽ ഇപ്പോഴും പേരില്‍ മാത്രമാണ് തുറമുഖമുള്ളത്. ചരക്കുനീക്കമെന്ന യാഥാര്‍ഥ്യം ഇനിയും പൂര്‍ണമായ രീതിയില്‍ നടത്താനുള്ള സംവിധാനമായിട്ടില്ല. വിമാനത്താവള വികസനത്തിനൊപ്പം തുറമുഖ വികസനവും പൂര്‍ത്തീകരിച്ചാല്‍ ജില്ലയുടെ വ്യാവസായിക വാണിജ്യ മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും.
ദേശീയപാത,
ബൈപാസ്
ദേശീയപാത നവീകരണത്തിന്റെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞ സാഹചര്യത്തില്‍ പ്രവൃത്തികള്‍ വേഗത്തിലാക്കേണ്ടതുണ്ട്. മുഴപ്പിലങ്ങാട്-മാഹി ബൈപാസിനൊപ്പം മറ്റു ബൈപാസുകളുടെ പ്രവൃത്തിയും വേഗത്തിലാക്കണം.
നിലവില്‍ മുഴപ്പിലങ്ങാട്-മാഹി ബൈപാസിന്റെ പണി
70 ശതമാനത്തിലേറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍,
തലശേരി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഗതാഗതക്കുരുക്കും പരിഹരിക്കപ്പെടും.
റെയില്‍വേ
വിമാനത്താവളം, തുറമുഖം എന്നിവയ്ക്കൊപ്പംതന്നെ റെയില്‍വേ മേഖലയിലുള്ള വികസനസാധ്യതകളും സംസ്ഥാനസര്‍ക്കാര്‍ പരിശോധിക്കണം. കേന്ദ്രസര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ കൈക്കൊള്ളേണ്ടതെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് വികസനത്തോടൊപ്പം ചരക്കുനീക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധ പതിക്കണം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് നാലാം പ്ലാറ്റ് ഫോം, തലശേരി, പയ്യന്നൂര്‍, ചൊവ്വ തെക്ക് സ്റ്റേഷന് വികസനം എന്നിവയുടെ കാര്യത്തിലും ഇടപെടലുകള്‍ അനിവാര്യമാണ്.
ഇന്‍ലാന്‍ഡ്
കണ്ടെയ്നര്‍ ഡിപ്പോ
സെന്‍ട്രല്‍ വേര്‍ഹൗസിംഗ് കോര്പറേഷന് നിര്‍മിച്ചിട്ടുള്ള ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പോയും അഴീക്കല്‍ തുറമുഖവുമായി ബന്ധപ്പെടുത്തിയുള്ള പ്രവൃത്തികള്‍ ആരംഭിക്കണം. ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടായാല്‍ അഴീക്കല്‍ തുറമുഖത്തിലെ ചരക്ക് സംഭരണം, ചരക്കുനീക്കം എന്നിവയ്ക്ക് കൂടുതല്‍ സാധ്യകളുണ്ടാകും.
സൈബര്‍ പാര്‍ക്ക്,
ഫുഡ് പാര്‍ക്ക്
വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് സൈബര്‍ പാര്ക്കിന് എരമത്ത് തറക്കല്ലിട്ടുവെന്നല്ലാതെ മറ്റു നടപടികളുണ്ടായിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ഥാപിക്കുമെന്നു പറഞ്ഞിരുന്ന ഫുഡ് പാര്‍ക്കുമായി ബന്ധപ്പെട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിയണം.
ഉള്‍നാടന്‍ ജലപാത
ഏറ്റവും ചെലവ് കുറഞ്ഞ യാത്രാമാര്‍ഗമെന്ന നിലയിലും ടൂറിസം വികസനത്തിനും സര്‍ക്കാര്‍ നടപ്പാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസം പദ്ധതിയടക്കമുള്ളവ ഏറെ പ്രധാനപ്പെട്ട പദ്ധതികളാണ്. പറശിനിക്കടവ്-മാട്ടൂല്‍, പയ്യന്നൂര്‍ കൊറ്റി-കോട്ടപ്പുറം ജലപാതകള്‍ കൂടുതല്‍ സജീവമാക്കണം. ഉള്‍നാടന്‍ പുഴകളിലൂടെയുള്ള ഗതാഗതസംവിധാന പദ്ധതികളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. തലശേരി മുതല്‍ ബേക്കല്‍ വരെ പ്രഖ്യാപിച്ച ജലപാത വികസനവും യാഥാര്‍ഥ്യമാകണം.
ഗെയിൽ പൈപ്പ് ലൈന്‍
ജില്ലയില്‍ ഗെയിൽ പൈപ്പ് ലൈന്‍ സിറ്റി ഗ്യാസ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നേറിയിട്ടുണ്ട്. പ്രാദേശിക വിതരണ നിര്‍മാണ ജോലികളാണ് ബാക്കിയുള്ളത്. ഇത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
കൈത്തറി, അന്താരാഷ്ട്ര
പ്രദര്‍ശന ശാല
കണ്ണൂരിന്റെ പെരുമ കടല്‍ കടന്നത് കൈത്തറിയുടെ പേരിലാണ്. 450 വര്‍ഷത്തെ നെയ്ത്തു ചരിത്രവുമായി ബന്ധമുള്ള കണ്ണൂരില്‍ ഇന്ന് കൈത്തറി നാമാവശേഷമാകുന്ന സാഹചര്യത്തില്‍ കൈത്തറി മേഖലയ്ക്ക് കരുത്ത് പകരുന്ന നടപടികള്‍ ആവശ്യമാണ്.കണ്ണൂര്‍ അഴീക്കോട് കൈത്തറി ഗ്രാമത്തിന് സമീപമായി പ്രഖ്യാപിച്ച കൈത്തറി മ്യൂസിയവും യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. ഇതോടൊപ്പം ഖാദി മേഖലയെ പുനരുദ്ധരിക്കാനുള്ള നടപടികളും ആവശ്യമാണ്.
പൈതൃക ടൂറിസം
ജില്ലയിലെ പൈതൃക പദ്ധതികളെ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ് പ്രഖ്യാപിച്ച പൈതൃക ടൂറിസം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. പൈതൃകനഗരിയായ തലശേരിയുമായി ബന്ധപ്പെട്ട പദ്ധതികള്‍, തലശേരി കടല്‍പ്പാലത്തിന്റെ സംരക്ഷണം, കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കല്‍ രാജവംശം, അറക്കല്‍-ചിറക്കല്‍ ബന്ധം എന്നിവ പുതുതലമുറയിലേക്ക് പകരാനുള്ള നടപടികളും ദേശീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രണ്ടാം ബര്ദോളിയെന്നറിയപ്പെടുന്ന പയ്യന്നൂരിന്റെ പൈതൃകം എന്നിവയുമായി ബന്ധപ്പെട്ടും വിപുലമായ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്.
കണ്ണൂർ
ഗവ. മെഡിക്കല്‍ കോളജ്
സഹകരണമേഖലയിലായിരുന്ന പരിയാരത്തെ കണ്ണൂർ
ഗവ. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജാക്കി മാറ്റിയെങ്കിലും അടിസ്ഥാനവികസനം ഉള്‍പ്പെടെയുള്ള
കാര്യത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്.
കൂടുതല്‍ ചികിത്സാസൗകര്യങ്ങളുള്പ്പെടെയുള്ള ഒരുക്കിയാല്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിനെ സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച
ആതുരാലയമായി മാറ്റാന്‍
സാധിക്കും.
തോട്ടട ഇഎസ്ഐ ആശുപത്രി
ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ആശ്രയിക്കുന്ന
വടക്കന്‍ ജില്ലകളിലെ ഇഎസ്ഐ ആശുപത്രിയാണ്
തോട്ടട ഇഎസ്ഐ ആശുപത്രി. ഇതിനെ സൂപ്പര്‍ സ്പെഷാലിറ്റിയായി ഉയര്‍ത്തിയാല്‍ നൂറുകണക്കിന്
തൊഴിലാളികള്‍ക്കും അവരുടെ
കുടുംബാംഗങ്ങള്‍ക്കും ഏറെ
ആശ്വാസമായിരിക്കും.
പ്രവാസികളുടെ
പുനരധിവാസം
കോവിഡിന്റെയും മറ്റു കാരണങ്ങളാലും വിദേശങ്ങളില്‍നിന്ന് ജോലി നഷ്ടപ്പെട്ടും മറ്റും തിരിച്ചുവരുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇവരുടെ ക്ഷേമത്തിനായി വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും
വേണ്ടതുണ്ട്.
കണ്ണൂര്‍ ടൗണ്‍ റോഡ്
ഡവലപ്മെന്റ് സ്കീം
കണ്ണൂര്‍ നഗരം നേരിടുന്ന
രൂക്ഷമായ ഗതാഗതക്കുരുക്ക്
പരിഹരിക്കാന്‍ ആവശ്യമായ
പദ്ധതികള്‍
യുദ്ധകാലാടിസ്ഥാനത്തില്‍
നടപ്പാക്കണം.
അടിയന്തര ഇടപെടലുകള്‍ വേണം: ദിശ
കണ്ണൂര്‍: കണ്ണൂരിന്റെ സമഗ്രവികസനത്തിനും ജനങ്ങളുടെ പുരോഗതിക്കും വിമാനത്താവളം, തുറമുഖം, ഐടി, കൈത്തറി, ചികിത്സാ മേഖലകളില്‍ ഉള്‍പ്പെടെ എല്ലാരംഗത്തും സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കേരള ചേംബറും ദിശയും ആവശ്യപ്പെട്ടു. വിമാനത്താവള കമ്പനിയായ കിയാലിന്റെ സ്ഥലം വിവിധ പ്രോജക്ടുകള്‍ക്കായി അനുവദിക്കാന്‍ തീരുമാനിച്ചത് അഭിനന്ദനാര്‍ഹമാണെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള ചില കരാറുകള്‍ ഏറെ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന് ദിശ ചെയര്മാന് സി. ജയചന്ദ്രന് പറഞ്ഞു. പ്രോജക്ടുകള്‍ക്ക് സ്ഥലവാടക ഈടാക്കുന്നതിനൊപ്പം ഈ പദ്ധതികളുടെ വിറ്റുവരവുകളുടെ നിശ്ചിത തുകകൂടി കിയാലിനു നല്‍കണമന്ന നിര്‍ദേശമാണ് കിയാൽ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനൊപ്പം വിദേശ വിമാനകമ്പനികളുടെ സര്‍വീസുകള്‍ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം. അഴീക്കല്‍ തുറമുഖ വികസനത്തിന് റവന്യൂവകുപ്പിന്റെ കീഴിലുള്ള 200 ഏക്കര്‍ ഭൂമി തുറമുറവകുപ്പിന് കൈമാറുന്നതിനൊപ്പം പ്രഖ്യാപിക്കപ്പെട്ട 500 കോടിയുടെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും സി. ജയചന്ദ്രന് പറഞ്ഞു. കണ്ണൂരിന്റെ വികസനവുമായി ബന്ധപ്പെട്ട് കേരള ചേംബറും ദിശയും സംയുക്തമായി മുഖ്യമന്ത്രിക്ക് വികസന പദ്ധതരേഖ സമര്‍പ്പിച്ചിട്ടുണ്ട്.