ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വന്‍ നാശം. 21 വീടുകള്‍ ഭാഗികമായും ഒരു കിണര്‍ പൂര്‍ണമായും തകര്‍ന്നു. തലശേരി താലൂക്കില്‍ 11 വീടുകളും തളിപ്പറമ്പ് താലൂക്കില്‍ ഒമ്പത് വീടുകളും ഇരിട്ടി താലൂക്കില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്. ജില്ലയില്‍ 53.2 ഹെക്ടര്‍ കൃഷി നാശമുണ്ടായി. പലയിടങ്ങളിലും കടല്‍ കയറി. നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
കണ്ണൂരിൽ വൻനാശവും അപകടവും
കണ്ണൂർ: കണ്ണൂരിലും പരിസര പ്രദേശങ്ങളിലും വൻ നാശനഷ്ടങ്ങളും അങ്ങിങ്ങ് അപകടവും. കനത്തമഴയെ തുടർന്ന് നിയന്ത്രണംവിട്ട ലോറി റോഡരികിലെ ട്രാൻസ്ഫോമർ ഇടിച്ച് തകർത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. കണ്ണൂർ താഴെചൊവ്വ റെയിൽവേ ഗേറ്റിനു സമീപമാണ് അപകടം. വൈദ്യുത ബന്ധം നിലച്ചതിനാൽ ആളപായം ഒഴിവായി. കണ്ണൂർ വാട്ടർ അഥോറിറ്റിയുടെതാണ് അപകടത്തിൽപ്പെട്ട ലോറി. ട്രാൻസ്ഫോമർ തകർന്നു വീണതിനെ തുടർന്ന് ലോറിയുടെ ഒരു ഭാഗം പൂർണമായി തകർന്നു. മണിക്കൂറുകളോളം ഈ ഭാഗത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു.
അഴീക്കോട് ചാൽ ബീച്ചിൽ കടലേറ്റമുണ്ടായി. ഇന്നലെ ഉച്ചയോടെയാണ് വൻ തിരമാലകൾ ഉയർന്ന് പൊങ്ങിയത്. ശക്തമായ തിരയിൽ വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് എത്തി. ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് പ്രദേശത്ത് ആറ് കിലോമീറ്ററോളം ദൂരത്ത് കടൽ കവിഞ്ഞൊഴുകി. പടിഞ്ഞാറ് തെറിമ്മ മുതൽ എടക്കാട് ചിൽഡ്രൻസ് പാർക്ക് വരെയും ഏഴര പാർക്ക് ഉൾപ്പെടുന്ന പ്രദേശത്തും കടൽ കവിഞ്ഞൊഴുകിയത് ജനങ്ങളിൽ ആശങ്കയുയർത്തി. കടന്പൂർ വില്ലേജിൽ എടക്കാട് റെയിൽവേ സ്റ്റേഷനു പിറകിലുള്ള രണ്ട് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ എടക്കാട് പെർഫെക്ട് സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.
കണ്ണൂർ ചാലക്കുന്നിൽ കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ മൂന്ന് തവണ തലകീഴായി മറിഞ്ഞു. ഇന്നലെ പുലർച്ചെയാണ് സംഭവം. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത കാറ്റിലും മഴയിലും കണ്ണൂർ നഗരത്തിലും വൻ നാശ നഷ്ടമാണ് ഉണ്ടായത്. വിവിധയിടങ്ങളിൽ മരം കടപുഴകി. തോട്ടട ഇഎസ്ഐയ്ക്ക് സമീപം, ചെട്ടിപീടിക, ജില്ലാശുപത്രി റോഡ് എന്നിവിടങ്ങളിൽ റോഡിൽ മരം പൊട്ടിവീണു. കണ്ണൂരിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് മരം മുറിച്ച് മാറ്റി ഗതാഗതയോഗ്യമാക്കിയത്.
കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപം പ്രകാശന് എന്നയാളുടെ വീട്ടു മതില് തകര്‍ന്നു നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എടക്കാട് കുറുവ ബാങ്കിന് സമീപം റൗലാബിയുടെ വീട്ടു മതില് തകര്‍ന്നു. ചേലോറയില്‍ തിലാനൂര്‍ വൈദ്യര് കണ്ടിക്ക് സമീപം സോന -അനൂപ് ദമ്പതികളുടെ വീടിന്റെ മതില് തകര്‍ന്നു വീടിനു നാശനഷ്ടം സംഭവിച്ചു. കൂടാളി ചക്കരക്കല്‍ റോഡില്‍ കണ്ണന്‍കുന്നില്‍ വീട്ട് മതില് തകര്‍ന്നു പുതുതായി പണിയുന്ന വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
ശ്രീകണ്ഠാപുരം വില്ലേജിലെ ചെരിക്കോട് കോടി വീട്ടില്‍ ശശിധരന്റെ വീട് തകര്‍ന്ന് അപകട ഭീഷണി നേരിടുന്നതിനാല്‍ നാലംഗ കുടുംബത്തെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. പുലിക്കുരുമ്പ-കുടിയാന്മല റോഡില്‍ ന്യൂനടുവില്‍ വില്ലേജ് പരിധിയിലെ ചപ്പാത്ത് റോഡില്‍ പാലം നിര്‍മാണത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍മിച്ച റോഡ് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇവിടെ കാല്‍നട ഗതാഗതം പുന:സ്ഥാപിച്ചു. വാഹനഗതാഗതം വഴി മാറ്റി വിട്ടു. കുറ്റേരി വില്ലേജില്‍ വീടിനുമേല്‍ മരം പൊട്ടി വീണും നാശനഷ്ടമുണ്ടായി.
പേരാവൂരിൽ വീട്ടുമതിലിടിഞ്ഞ് കെട്ടിടം തകർന്നു; ഒരാൾക്ക് പരിക്ക്
പേരാവൂർ: കനത്ത മഴയില്‍ പേരാവൂര്‍ ചെവിടിക്കുന്നില്‍ വീട്ടുമതില്‍ ഇടിഞ്ഞ് കെട്ടിടം തകര്‍ന്നു. പരേതനായ കാട്ടുമാടം ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. സ്വകാര്യവ്യക്തിയുടെ വീട്ടുമതിലിടിഞ്ഞാണ് കെട്ടിടം തകര്‍ന്നത്. കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ബഷീര്‍ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാലിന് പരിക്കേറ്റ മുഹമ്മദ് ബഷീര്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. മലഞ്ചരക്ക് വ്യാപാരിയായ മുഹമ്മദ് ബഷീറിന്റെ മലഞ്ചരക്ക് സാധനങ്ങളും മണ്ണിനടിയിലായി. മുഹമ്മദ് ബഷീറിനെ കൂടാതെ മറ്റ് രണ്ടുപേര്‍ കൂടി ഈ കെട്ടിടത്തില്‍ താമസിക്കുന്നുണ്ടെങ്കിലും ഇവരാരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടത്തിന്റെ ചുമരും മേല്‍ക്കൂരയും ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
തലശേരിയിൽ പുനരധിവാസ ക്യാന്പ് തുറന്നു
തലശേരി: തലശേരി മേഖലയിൽ വെള്ളിയാഴ്ച തുടങ്ങിയ കടലാക്രമണം ഇന്നലെ രൂക്ഷമായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊടുവള്ളി, മണക്കാ ദ്വീപ്, പാലിശേരി കടൽപാലം, ചാലിൽ, ഗോപാല പേട്ട, തലായി, മാക്കൂട്ടം, പെട്ടിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. ആളുകൾ തിങ്ങിപ്പാർക്കുന്ന പെട്ടിപ്പാലം കോളനിയിൽ തിരമാലകൾ കടൽഭിത്തി മറികടന്ന് വീടുകളിലേക്ക് ഇരച്ചുകയറി. സെപ്റ്റിക് ടാങ്കുകൾ പൊട്ടി മാലിന്യം പുറത്തേക്കൊഴുകി.
ന്യൂമാഹിയിൽ കല്ലിനപ്പുറം മുതൽ കുറുച്ചിയിൽ കടപ്പുറം വരെയുള്ള തീരമേഖലയിലും കടലേറ്റമുണ്ടായി. ഇവിടെ ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മണക്കാ ദ്വീപിൽനിന്ന് മൂന്നു കുടുംബങ്ങളെയും തലായി-മാക്കൂട്ടം ഭാഗത്തുനിന്ന് രണ്ട് കുടുംബങ്ങളേയും മാറ്റിപ്പാർപ്പിച്ചു. ധർമടം പോലീസ് സ്റ്റേഷൻ പരിധിയിലെ സാമിക്കുന്ന് ഭാഗത്തും കടലേറ്റമുണ്ടായി. ഇവിടെനിന്ന് ആളുകളോട് മാറിത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മഴ കനക്കുകയും കടലേറ്റം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ മുബാറക് സ്കൂളിൽ താത്കാലിക പുനരധിവാസ ക്യാമ്പ് തുറന്നു.
കനത്ത മഴയിൽ നാരങ്ങാപ്പുറം, മഞ്ഞോടി, പുതിയ റോഡ്, പുന്നോൽ താഴെ വയൽ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി. കടൽക്ഷോഭമുണ്ടായ പ്രദേശങ്ങൾ എ.എൻ. ഷംസീർ എംഎൽഎ, നഗരസഭ ചെയർപേഴ്സൻ ജമുന റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി.കുഞ്ഞിരാമൻ, തഹസിൽദാർ, എസിപി വി.സുരേഷ് തുടങ്ങിയവർ സന്ദർശിച്ചു.
പയ്യന്നൂരിൽ വീടുകള്‍ക്ക് നാശം, മീന്‍കുഴി ഡാം തുറന്നു
പയ്യന്നൂര്‍: രണ്ടുദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും പയ്യന്നൂരും പരിസരങ്ങളിലുമായി വ്യാപക നാശനഷ്ടം. വെള്ളം കരകവിഞ്ഞതിനെ തുടര്‍ന്ന് മീന്‍കുഴി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വെളളം സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ഷട്ടര്‍ തുറന്നുവിട്ടത്. നഗരസഭയിലെ റോഡുകള്‍ പലതും വെള്ളത്തിനടിയിലായി. കോറോത്തെ വടക്കെ പുരയില്‍ കാര്‍ത്യായനിയുടെ വീടിന് മുകളിലേക്ക് മരം പൊട്ടിവീണ് ഭാഗികമായി തകർന്നു. പതിനയ്യായിരത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു.
കുഞ്ഞിമംഗലം പുതിയ പുഴക്കരയിലെ എം.യശോദയുടെ വീടിന് മുകളില്‍ തെങ്ങുവീണു.എരമം നോര്‍ത്തിലെ പത്മാക്ഷിയുടെ വീടിനു മുകളില്‍ കമുക് പൊട്ടിവീണ് ഭാഗികമായ നാശനഷ്ടം ഉണ്ടായി. അയ്യായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.കരിവെള്ളൂര്‍ കുണിയന്‍ കിഴക്കെ പുരയില്‍ കല്യാണിയുടെ വീടിന്റെ ചുമര് പൂര്‍ണമായും തകര്‍ന്നു.
കടല്‍ക്ഷോഭം മുന്നില്‍ക്കണ്ട് രാമന്തളിയിലെ എം.ടി.കെ. ഖാദിമിന്റെ കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രശ്നബാധിത പ്രദേശങ്ങള്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ശക്തമായ മഴയില്‍ പയ്യന്നൂര്‍ ഗവ. എല്‍പി സ്കൂളിന്റെ (തപാല്‍ സ്കൂള്‍) മതില് ഇടിഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.ലളിത, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പാലക്കോട് ഹാര്‍ബറില്‍ വെള്ളം കയറി
പയ്യന്നൂര്‍: പാലക്കോട് കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമായി. രണ്ടു കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. എട്ടിക്കുളം കടപ്പുറത്തെ കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് ഇബ്രാഹിം, കാസിം എന്നിവരുടെ കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത്. പാലക്കോട് ഹാർബറിൽ ഫൈബര്‍ വള്ളം തിരയടിച്ച് മുങ്ങി. ലെയ്ലന്റുകള്‍ കൂട്ടിയിടിച്ചു. ജലനിരപ്പ് രണ്ടടിയോളം ഉയര്‍ന്ന് ഹാര്‍ബറില്‍ വെള്ളം കയറി.
ഹാര്‍ബറിന് സമീപം കുറ്റിയടിച്ചു കെട്ടിയിരുന്ന രണ്ടു ലെയ്ലന്റുകള്‍ കനത്ത ഒഴുക്കില്‍ കുറ്റിതകര്‍ത്ത് കൂട്ടിയിടിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഉടന്‍തന്നെ ലെയ്ലന്റുകള്‍ സുരക്ഷിതമാക്കിയതിനാല്‍ വന്‍നാശനഷ്ടം ഒഴിവായി. വെള്ളിയാഴ്ച കരയില്‍ കയറ്റാന്‍ പറ്റാതിരുന്ന ജെട്ടിയിലെ ഫൈബര്‍ വള്ളമാണ് തിരയടിച്ചു മുങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് വള്ളം കരയില്‍ കയറ്റി. നിയുക്ത പയ്യന്നൂര്‍ എംഎല്‍എ ടി.ഐ.മധുസൂദനന് പാലക്കോട് കടപ്പുറം സന്ദര്‍ശിച്ചു.
പഴയങ്ങാടിയിൽ കടലാക്രമണം ശക്തം
പഴയങ്ങാടി: പഴയങ്ങാടി മേഖലയിൽ കടലാക്രമണം രൂക്ഷമായി. നീരൊഴുക്കുംചാൽ, കക്കാടൻ ചാൽ, കോൽക്കാരൻചാൽ കടപ്പുറം, പുതിയങ്ങാടി, ചൂട്ടാട് കടപ്പുറം എന്നി മേഖലകളിലാണ് കടലേറ്റം രൂക്ഷമായിരിക്കുന്നത്. നൂറുമീറ്ററോളം തീരം കടലെടുത്തു. നിരവധി തെങ്ങുകൾ കടപുഴകി വീണു. തിരദേശ റോഡ് പൂർണമായും തകർന്ന നിലയിലാണ്.
കക്കാടൻ ചാൽ പ്രദേശത്ത് കടൽഭിത്തിയില്ലാത്തതും കടലേറ്റത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നു. മാസങ്ങൾക്ക് മുമ്പ് കടൽഭിത്തി നിർമാണത്തിന്റെ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയെങ്കിലും തുടർപ്രവൃത്തി നടന്നില്ല. അഞ്ഞൂറ് മീറ്ററിലധികം റോഡും കടലെടുത്തു. കനത്ത കുത്തൊഴുക്കിൽ നീരൊഴുക്കുംചാൽ പാലവും അപകടാവസ്ഥയിലാണ്.പല വീടുകളിലും വെള്ളം കയറി കിണറുകളിൽ ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമായിരിക്കുകയാണ്. മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹിദ്, വില്ലേജ് ഓഫിസർ എം.സുധീർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
ചൂട്ടാട് ഒരു കുടുംബത്തിലെ എട്ടുപേരെ ബന്ധുവീടുകളിലേക്ക് മാറ്റി. കോവിഡ് ബാധിതരായ മജീദ്, ഭാര്യ, ഉമ്മ എന്നിവരെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ആംബുലന്‍സിലാണ് ബന്ധുവീട്ടിലേക്ക് മാറ്റിയത്. ഏഴോം വില്ലേജിലെ അടുത്തിലയില്‍ കാരക്കീല്‍ ഉണ്ണിയുടെ വീട്ടിനു മുകളില്‍ മരം പൊട്ടിവീണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. ചെറുതാഴം വില്ലേജില്‍ വിളയാങ്കോട് പെരിയാട്ട് പുതിവീട് ശ്രീരാഗിന്റെ പറമ്പിലെ മതില് ഇടിഞ്ഞു.ചെറുകുന്നില്‍ പത്താം വാര്‍ഡിലെ ഇടുമ്പത്തറിയന് മാധവന്റെ വീട്ടു വരാന്തയിലേക്ക് തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.
കിണറും കുളിമുറിയും ഇടിഞ്ഞു താഴ്ന്നു
പാനൂർ: കൈവേലിക്കലിൽ വീട്ടുകിണറും കുളിമുറിയും ഇടിഞ്ഞു താഴ്ന്നു. ശ്രീനാരായണ മഠത്തിനു സമീപത്തെ മരുന്നന്റെവിട അച്യുതന്റെ വീട്ടുകിണറും കുളിമുറിയുമാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് അപകടം. കിണറിനോട് ചേർന്നുള്ള കുളിമുറിയും ഭൂമിക്കടിയിലേക്ക് താഴ്ന്നതിനാൽ വീടും അപകടാവസ്ഥയിലാണുള്ളത്. വില്ലേജ് ഓഫീസ് അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു.
മട്ടന്നൂരിലും നാശനഷ്ടം
മട്ടന്നൂർ: മട്ടന്നൂർ പുലിയങ്ങോട് തെങ്ങ് വീണ് വീട് തകർന്നു. വി.കെ.സന്തോഷിന്റെ വീടാണ് തകർന്നത്. കനത്ത മഴയിൽ തെങ്ങ് കടപുഴകി വീടിന് മുകളിൽ വീഴുകയായിരുന്നു. ഓടുമേഞ്ഞ വീടിന്റെ മേൽക്കുരയാണ് തകർന്നത്. മട്ടന്നൂർ കുഞ്ഞിപ്പള്ളിയിൽ വെള്ളം കയറി. പഴശി കനാലിന് സമീപത്തുള്ള മുസ്ലിം പള്ളിമുറ്റത്തും സമീപത്തെ റോഡിലുമാണ് വെള്ളം കയറിയത്. കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയതാണ് സമീപത്തെ നിരവധി വീടുകളിലേക്ക് പോകുന്ന റോഡ് വെള്ളത്തിലായത്.