സിബിഎസ്ഇ പ്ലസ്ടു പൊതുപരീക്ഷ റദ്ദാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് യോഗം ചേരുന്നത്. പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തേക്കും.പരീക്ഷ സംബന്ധിച്ച് സിബിഎസ്ഇയുടെ ഭാഗത്തുനിന്ന് അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇടപെടല്‍.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ മൂന്നാം തരംഗ ഭീഷണി ഉയരുകയാണ്. കുട്ടികളിലെ വാക്‌സിനേഷന് ഇനിയും സമയം വേണ്ടി വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിലടക്കം ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് ഒന്നാം തരംഗത്ത അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ അവസ്ഥ വളരെ മോശമായതിനാലും മൂന്നാം തരംഗത്തിനു സാധ്യത ഉള്ളതിനാലും സ്‌കൂളുകള്‍ കൂടുതല്‍ നാള്‍ അടച്ചിടാനാണ് സാധ്യത. ഏപ്രില്‍ 14 നാണ് സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ റദ്ദ് ചെയ്തും 12ാം ക്ലാസ് പരീക്ഷ മാറ്റിവച്ചും ഉത്തരവിറക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. റദ്ദാക്കിയ 10ാം ക്ലാസ് പരീക്ഷയ്ക്ക് പകരം മറ്റ് അവലോക നടപടിയിലൂടെ ജൂണ്‍ 20 ന് ഫലം പ്രസിദ്ധീകരിക്കും. ഇതേ മാതൃകയില്‍ 12ാം ക്ലാസ് പരീക്ഷയും കൈകാര്യം ചെയ്യാനാണ് ആലോചന.