ന്യൂഡൽഹി: അടുത്തവർഷം ജനുവരിക്ക് മുൻപ് എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനം. ഈ വർഷം ഓഗസ്റ്റിനും ഡിസംബറിനും ഇടയിൽ 216 കോടി ഡോസ് വാക്സിൻ നിർമ്മിച്ച് വിതരണം ചെയ്യുമെന്ന് നീതി ആയോഗ് അറിയിച്ചു. ഇന്ത്യക്കാർക്ക് വേണ്ടി മാത്രമാവും വാക്സിൻ നിർമിക്കുക എന്നും എല്ലാവർക്കും വാക്സിൻ ലഭ്യത ഉറപ്പാക്കുമെന്നും നീതിആയോഗ് അംഗം ഡോ. വി.കെ പോൾ വ്യക്തമാക്കി. ഫൈസർ,ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ വാക്സിൻ നിർമാതാക്കളുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. വാക്സിൻ ലഭ്യത വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നാണ് അവർ വ്യക്തമാക്കിയത്. ചർച്ചകൾ നടക്കുകയാണ്. ഇന്ത്യയിൽ തന്നെ അവർ ഓക്സിജൻ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുമെന്ന് കരുതുന്നു എന്നും വികെ പോൾ പറഞ്ഞു.
റഷ്യൻ വാക്സിൻ ആയ സ്പുട്നിക് വി അടുത്താഴ്ച മുതൽ രാജ്യമെങ്ങും ലഭ്യമാക്കും. ജൂലൈയിൽ സ്പുട്നിക് വാക്സിന്റെ പ്രാദേശിക നിർമ്മാണം തുടങ്ങും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ്ഡീസ്
ലബോറട്ടറി ആവും സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.