ഇരിട്ടി: കേരളവുമായി അതിർത്തി പങ്കിടുന്ന കർണ്ണാടകത്തിലെ കുടക് ജില്ലാ കോവിടിന്റെ പിടിയിൽ . രോഗബാധിതരുടെ എണ്ണവും മരണനിരക്കും ദിനം പ്രതി കൂടിവരുന്നതോടെ ഇവിടെ ഏറെയുള്ള മലയാളികൾ മുഴുവൻ ആശങ്കയിലായി. പ്രതിദിനം എഴുന്നൂറോളം രോഗികൾ ഉണ്ടാവുകയും കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ 12ഓളം പേർ മരിക്കുകയും ചെയ്തതോടെ ജില്ലാ ഭരണ കൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിലവിൽ 19,000ത്തോളം പേർ ഇവിടെ ചികിത്സയിലാണ്.
കുടകിൽ മതിയായ ചികിത്സ സൗകര്യങ്ങൾ ഇല്ലെന്നതാണ് മേഖലയെ ആശങ്കയിലാക്കുന്നത്. മടിക്കേരി ജില്ലാ ആസ്പത്രി മാത്രമാണ് അത്യസന്ന നിലയിലുള്ളവർക്ക് ഏക ആശ്രയം. വീരാജ്പേട്ടയിലും സേമവാർ പേട്ടയിലും താലൂക്ക് ആസ്പത്രികൾ ഉണ്ടെങ്കിലും സൗകര്യങ്ങൾ പരിമിതമാണ്. മടിക്കേരി ജില്ലാ ആശുപത്രിയിൽ രോഗികൾ നിറഞ്ഞതോടെ പുതിയ രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഇല്ലാത്ത അവസ്ഥയിലാണ് . നേരത്തെ മടിക്കേരിയിലുള്ളവർ വിദഗ്ധ ചികിത്സക്കായി കണ്ണൂരിനേയും മംഗലാപുരത്തേയും മൈസൂരുവിനേയുമാണ് കൂടുതലായും ആശ്രയിച്ചിരുന്നത്. അതിർത്തിയിലെ നിയന്ത്രണം മൂലം ആർക്കും ജില്ല വിട്ട് പുറത്തു പോകാൻ സാധിക്കാത്ത സ്ഥിതിയാണ് . സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിലും കടുത്ത നിയന്ത്രണം ഉള്ളതിനാൽ ജില്ലയിലെ സൗകര്യങ്ങളും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല
ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, മദ്യഷോപ്പുകൾ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാവുന്ന സമയ പരിധി കുറച്ചു. തിങ്കൾ, ബുധൻ, വെള്ളി രാവിലെ ആറുമണിമുതൽ 10മണി വരെ മാത്രമെ തുറക്കാൻ അനുവദിക്കുന്നുള്ളു. നേരത്തെ ഇത് ആറുമണിമുതൽ രണ്ട് വരെയാക്കിയിരുന്നു. അത്യാവശ്യത്തിന് പുറത്തിറങ്ങണമെങ്കിൽ പോലീസിന്റെ സർട്ടിഫിക്കറ്റ് വേണം.. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടുന്നതിനായി വാഹന പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
കുടകിൽ നിന്നും കേരളത്തിലേക്കുള്ള പാതയായ മാക്കൂട്ടം ചുരം പാതയിൽ ലോക്ക് ഡൗൺ നിലവിൽ വന്നതോടെ മാക്കൂട്ടം അതിർത്തിയിൽ പരിശോധന ശക്തമാക്കി. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനാനുമതി. മരണം വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് കർണാടക അധികൃതരുടെ മുൻകൂട്ടി അനുമതി വാങ്ങി മാത്രമെ പ്രവേശിക്കാൻ കഴിയൂ. കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്നവർക്ക് 14 ദിവസം നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ചരക്ക് വാഹനങ്ങളിൽ പോകുന്ന ഡ്രൈവർമാർക്ക് നേരത്തെ ഉള്ളതുപോലെ കോവിഡ് ആർ ടി പി സി ആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത്തരം പരിശോധനയ്ക്കായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ പോലീസും റവന്യൂ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന ടീം 24മണിക്കൂറും പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി,.
രോഗ വ്യാപനവും അതോടൊപ്പം ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളും ഏറെ ആശങ്കപ്പെടുത്തുന്നത് മലയാളികളെയാണ്. കുടകിലെ വ്യാപാര സ്ഥാപനങ്ങളിൽ മൂന്നിൽ രണ്ടും മലയാളികളുടേതാണ് .സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതോടൊപ്പം നാട്ടിലേക്ക് മടങ്ങാനും പറ്റാതെ വിഷമിക്കുകയാണ് വ്യാപാരികളും അവരുടെ കുടുംബങ്ങളും. തോട്ടം മേഖലയിൽ പണി എടുക്കുന്ന നുറുകണക്കിനാളുകളും പ്രയാസങ്ങൾ നേരിടുകയാണ്.
previous post