ലോക്ക്ഡൗൺ കാലത്ത് മരുന്നുകൾ വീടുകളിൽ എത്തിക്കാൻ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേയും ജീവിത ശൈലീരോഗങ്ങളുടേയും ക്ലിനിക്കുകൾ കൊവിഡ് കാലത്തിന് മുന്നേ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ ഇ ഹെൽത്ത് സംവിധാനം വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഡാറ്റേ ബേസ് ഉണ്ടാക്കും. കൊവിഡ് സാഹചര്യം ഭാവിയിൽ ആവര്‍ത്തിച്ചാലും ഡാറ്റാ ബേസ് ഗുണം ചെയ്യും. ഐസിയു, വെന്റിലേറ്റര്‍ ബെഡുകളുടെ എണ്ണം കൂട്ടാൻ കഴിഞ്ഞു. ഐസിയു ബെഡുകൾ 1200 ൽ നിന്ന് 2,887 ആയി കൂടി.
ഓക്സിജൻ ലഭ്യമാക്കാനും ശക്തമായ നടപടികൾ ആരംഭിച്ചു. എന്തൊക്കെ ചെയ്താലും രോഗവ്യാപനം അനിയന്ത്രിതമായാൽ നിസഹായരാകും എന്നതിന് വികസിത രാജ്യങ്ങളിലെ അവസ്ഥ ഉദാഹരണം ആണ്.
രോഗികളിൽ ഭൂരിഭാഗം വീടുകളിൽ കഴിയുകയാണ്. സൗകര്യം ഇല്ലാത്തവര്‍ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കേന്ദ്രങ്ങളിൽ കഴിയുന്നു. ഇതിന്റെ എല്ലാം എണ്ണം കൂട്ടുകയാണ്. കൊവിഡ് ചികിത്സക്ക് സൗകര്യം കൂട്ടും. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.