കൊട്ടിയൂര്‍ : ബാവലിപ്പുഴയ്ക്ക് വെങ്ങലോടിയിലും നീണ്ടുനോക്കി പാലത്തിനു സമീപവും സംരക്ഷണ ഭിത്തിയുടെ നിര്‍മാണം പുരോഗമിക്കുന്നു. പ്രളയത്തില്‍ തകര്‍ന്ന ബാവലിപ്പുഴയുടെ അരികുകെട്ടി സംരക്ഷിക്കണമെന്നാവിശ്യപ്പെട്ട് സ്വകാര്യ വ്യക്തികള്‍ 2018 ല്‍ പഞ്ചായത്തിനു നല്കിയ അപേക്ഷകള്‍ പരിഗണിച്ചാണ് മേജര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിൽ സംരക്ഷണ ഭിത്തിയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നത്. രണ്ടിടങ്ങളിലായി 80.5 ലക്ഷം രൂപ ചെലവിലാണ് സംരക്ഷണ ഭിത്തിയുടെ നിര്‍മാണം. വെങ്ങലോടിയില് 250 മീറ്ററും നീണ്ടുനോക്കി പാലത്തിനു സമീപം 127 മീറ്റര്‍ നീളത്തിലുമാണ് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്. പ്രളയത്തില്‍ പുഴ ഗതിമാറിയൊഴുകി സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ നശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുഴയ്ക്കരികില്‍ സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുന്നത്.