കൊച്ചി: സംസ്ഥാനത്തു ആർ ടി പി സി ആർ പരിശോധന നിരക്ക് 500 രൂപയായി നിശ്ചയിച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു കേരളത്തിലെ ലാബുകൾ ഈടാക്കിയിരുന്നതെന്നു സർക്കാർ കോടതിയെ അറിയിച്ചു.
ഡൽഹി, ഹരിയാനപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പരിശോധനാ നിരക്ക് അഞ്ഞൂറ് രൂപയായി നിശ്ചയിച്ചിട്ടുണ്ടന്ന് സർക്കാർ വിശദീകരിച്ചു. കോ വിഡ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ പരിശോധനാ കിറ്റുകൾ ഇറക്കുമതി ചെയ്യുകയായിരുന്നുവെന്നും ഇപ്പോൾ രാജ്യത്ത് തന്നെ ഉൽപ്പാദനം നടക്കുന്നതിനാൽ ലാബുക്കൾക്ക് ഉണ്ടാവുന്ന ചെലവ് പരമാവധി 240 രൂപയാണന്നും സർക്കാർ വിശദീകരിച്ചു.
സർക്കാർ നിശ്ചയിച്ച നിരക്ക് അംഗീകരിച്ച് ഒട്ടനവധി സ്വകാര്യ ലാബുകൾ കത്ത് നൽകിയിട്ടുണ്ടന്നും വിമാനത്താവളങ്ങളിൽ സർക്കാരിനു വേണ്ടി പരിശോധന നടത്തുന്ന ലാബുകളും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്നും 10 ലാബുകൾ മാത്രമാണ് നിരക്ക് വർദ്ധന ചോദ്യം ചെയ്തിട്ടുള്ളതെന്നും സർക്കാർ ബോധിപ്പിച്ചു. വീടുകളിൽ നേരിട്ടെത്തി ആർ റ്റി പി സി ആർ പരിശോധന നടത്തുന്നതിന് മൊബൈൽ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിശോധിച്ചു വരുകയാണെന്നും അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ കോടതിയെ അറിയിച്ചു. .മാർക്കറ്റ് പഠനത്തിന് ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും പരിശോധനക്ക് 135 മുതൽ 240 രൂപ വരെ മാത്രമാണ് ചിലവ് വരുന്നതെന്നും ജസ്റ്റിസ് എൻ നാഗരേഷ് വ്യക്തമാക്കി.
സർക്കാർ നിരക്കിൽ പരിശോധന നടത്താത്ത ലാബുകൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപ്പടി സ്വീകരിക്കുന്ന സർക്കാർ തീരുമാനം വിലക്കണമെന്ന ലാബുകളുടെ ആവശ്യവും കോടതി നിരസിച്ചു’ ഹർജി കൂടുതൽ വാദത്തിനായി കോടതി മാറ്റി.