തിരുവന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്ക്കാലിക പരിഹാരമാകുന്നു. നാല് ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ന് തലസ്ഥാനത്തെത്തും. കോവിഷീല്‍ഡ് വാക്‌സിനാണ് എത്തുക.
രാത്രി 8.20 ന്റെ വിമാനത്തിലാണ് വാക്‌സിന്‍ തിരുവനന്തപുരത്ത് എത്തുക. തിരുവനന്തപുരത്ത് മേഖലാ കേന്ദ്രത്തിലാണ് വാക്‌സിന്‍ ആദ്യമെത്തിക്കുക. അതിന് ശേഷം ജില്ലകളിലേക്ക് വിതരണം ചെയ്യും.
ഇന്ന് രാവിലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഒന്നര ലക്ഷം ഡോസ് വാക്‌സിനാണ് സ്റ്റോക്ക് ഉണ്ടായിരുന്നത്. നാളെ മുതല്‍ ഏതാണ്ട് പൂര്‍ണമായും വാക്‌സിനേഷന്‍ മുടങ്ങുന്ന സ്ഥിതിയിലേക്ക് കേരളം മാറുകയായിരുന്നു. ഈ അവസ്ഥക്ക് താല്കാലിക പരിഹാരമായിരിക്കുകയാണ്.
ഇപ്പോള്‍ ലഭിക്കുന്ന വാക്‌സിന്‍ ഉപയോഗിച്ച് രണ്ടോ മൂന്നോ ദിവസത്തേക്ക് വിപുലമായി വാക്‌സിനേഷന്‍ നടത്താനാകും. അതിന് ശേഷം കൂടുതല്‍ വാക്‌സിന്‍ എത്തുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.