കണ്ണൂർ: ചരിത്ര വിജയത്തിനു പിന്നാലെ രണ്ടാം പിണറായി മന്ത്രിസഭയിൽ കണ്ണൂരിൽ നിന്ന് എത്ര പേർ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ജില്ലയിലെ പാർട്ടി പ്രവർത്തകർ. കഴിഞ്ഞ തവണ മുഖ്യമന്ത്രിയെ കൂടാതെ നാല് മന്ത്രിമാരാണ് ഉണ്ടായിരുന്നത്.
ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ. ഇവരിൽ കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജൻ ഇത്തവണ മത്സരിച്ചിരുന്നില്ല. ബാക്കി മൂന്നു പേരും മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ശൈലജ കഴിഞ്ഞ തവണ മത്സരിച്ച കൂത്തുപറന്പിന് പകരം മട്ടന്നൂരിൽ നിന്ന് വിജയിച്ചപ്പോൾ രാമചന്ദ്രൻ കടന്നപ്പള്ളി തുടർച്ചയായി രണ്ടാം തവണയും കണ്ണൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ജന്മംകൊണ്ട് കണ്ണൂർ എടചൊവ്വ സ്വദേശിയായ എ.കെ. ശശീന്ദ്രൻ കോഴിക്കോട് ജില്ലയിലെ എലത്തൂരിൽനിന്ന് വൻ വിജയമാണ് നേടിയത്.
ഇവരിൽ ശൈലജ, എ.കെ. ശശീന്ദ്രൻ എന്നിവർ മന്ത്രിയാകുമെന്ന കാര്യം ഉറപ്പാണ്. ഒരു സീറ്റ് മാത്രമുള്ള ഘടകകക്ഷികളെ മന്ത്രി സഭയിലേക്ക് പരിഗണിക്കേണ്ടതില്ല എന്നായിരുന്നു കഴിഞ്ഞ തവണ എൽഎഡിഎഫ് തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു കടന്നപ്പള്ളിയെ പരിഗണിച്ചിരുന്നത്. എന്നാൽ ഇത്തവണ ആ പരിഗണന കടന്നപ്പള്ളിക്ക് കിട്ടാൻ സാധ്യത ഇല്ലെന്നാണ് സൂചന.
ഇ.പി. ജയരാജന്റെ ഒഴിവിലേക്ക് തളിപ്പറന്പിൽ നിന്ന് വിജയിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം.വി.ഗോവിന്ദൻ മന്ത്രിസഭയിൽ എത്തിയേക്കും. എൽഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളായ കൂത്തുപറന്പും വടകരയും കൽപ്പറ്റയും എൽജെഡിക്ക് നൽകിട്ടും കൂത്തുപറന്പിൽ മാത്രമാണ് എൽജെഡിക്ക് വിജയിക്കാൻ സാധിച്ചത്.
വിജയിച്ചാൽ മന്ത്രിയാകുമെന്ന് കരുതിയിരുന്ന സംസ്ഥാന പ്രസിഡന്റും രാജ്യസഭ എംപിയുമായ എം.വി. ശ്രേയാംസ്കുമാർ പരാജയപ്പെട്ടത് പാർട്ടിക്ക് ക്ഷീണമായി. അതുകൊണ്ട് തന്നെ എൽജെഡിക്ക് മന്ത്രി സ്ഥാനം നൽകുകയാണെങ്കിൽ കൂത്തുപറന്പിൽ നിന്ന് വിജയിച്ച കെ.പി. മോഹനനും മന്ത്രിസഭയിൽ എത്താൻ സാധ്യതയുണ്ട്. ജില്ലയിൽ പതിനൊന്നിൽ ഒന്പത് സീറ്റ് നേടിയാണ് എൽഡിഎഫ് ഉജ്വല വിജയം നേടിയത്.
പിണറായിയും കണ്ണൂരും
ചരിത്രത്തിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി രണ്ടാംതവണ മുഖ്യമന്ത്രിയാകുന്നതും തുടർഭരണം ലഭിക്കുന്നതും കണ്ണൂരിന്റെ ചരിത്രമായി മാറും. 64 വർഷത്തെ കേരള ഭരണ ചരിത്രത്തിൽ കെ.കരുണാകരനും ഇ.കെ. നായനാരും മൂന്നുതവണ വീതമായി 20 കൊല്ലത്തോളമാണ് ഭരണം നയിച്ചത്.
കണ്ണൂർ കടലായി സ്വദേശിയായ കെ. കരുണാകരൻ വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ തട്ടകമായ തൃശൂരിലേക്ക് മാറ്റുകയായിരുന്നു. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ ഇ.കെ. നായനാർ കല്യാശേരി സ്വദേശിയാണ്.
എം.വി. ഗോവിന്ദന്
സുപ്രധാന വകുപ്പ് ?
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം.വി. ഗോവിന്ദൻ പിണറായി മന്ത്രിസഭയിൽ പ്രധാന വകുപ്പ് ലഭിച്ചേക്കും. വിജയിച്ച സിപിഎം സ്ഥാനാർഥികളിലെ മുതിർന്ന നേതാക്കാന്മാരിലൊരാളാണ് എം.വി. ഗോവിന്ദൻ. ഇത്തവണ തളിപ്പറമ്പിൽ ഇടതുപക്ഷത്തിന്റെ ലീഡിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്താനാകുന്ന കാരണങ്ങളാകില്ല.
കെ.കെ. ശൈലജ
ആരോഗ്യമന്ത്രിയായി തുടരുമോ
പിണറായി കേരളാ മുഖ്യമന്ത്രിയായി തുടരും എന്നതിനൊപ്പം തന്നെ കേരളം ചർച്ചചെയ്യുന്നത് കെ.കെ. ശൈലജ മന്ത്രി സ്ഥാനത്ത് തുടരുമെന്ന കാര്യമാണ്. നവമാധ്യമങ്ങളിൽ മുഖ്യമന്ത്രിയാക്കണമെന്ന കാന്പയിൻ പോലും ഒരു ഘട്ടത്തിൽ ഉണ്ടായിരുന്നു.
ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പിനെ മികച്ച രീതിയിൽ നയിച്ചെന്ന വിശേഷണത്തിനർഹയാണ് കെ.കെ. ശൈലജ. നിപ്പാ കാലത്തും കോവിഡ് കാലത്തും ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. രണ്ടാം പിണറായി സർക്കാരിലും കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായി തുടരാനാണ് സാധ്യത.
കൂത്തുപറന്പിന് ഇത്തവണയും
മന്ത്രി സ്ഥാനം കിട്ടുമോ?
കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ കൂത്തുപറന്പിൽ നിന്നുള്ള ആരോഗ്യമന്ത്രിയായിരുന്നു കെ.കെ.ശൈലജ. എന്നാൽ ഇത്തവണ കൂത്തുപറന്പിൽ നിന്ന് മത്സരിച്ച് വിജയിച്ചത് എൽജെഡി നേതാവായ കെ.പി. മോഹനനാണ്. ഇത്തവണത്തെ മന്ത്രിസഭയിൽ എൽജെഡിയ്ക്ക് പ്രതിനിധ്യം നൽകുകയാണെങ്കിൽ അവരുടെ ഏക എംഎൽഎയായ കെ.പി. മോഹനനെ മാത്രമാണ് പരിഗണിക്കാനുള്ളു.
അതുകൊണ്ട് തന്നെ തുടർച്ചയായി മണ്ഡലത്തിന് മന്ത്രിസ്ഥാനം ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് പ്രവർത്തകർ. 2011 ലെ യുഡിഎഫ് സർക്കാരിൽ കൃഷിമന്ത്രിയായിരുന്നു മോഹനൻ. തുടർന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ.കെ. ശൈലജയോട് പരാജയപ്പെടുകയും പിന്നീട് ഉണ്ടായ രാഷ്ട്രീയസാഹചര്യങ്ങളിൽ യുഡിഎഫ് വിട്ട് ഇടതുപാളയത്തിലേക്കു ചേക്കേറുകയുമായിരുന്നു. കഴിഞ്ഞതവണ അദ്ദേഹത്തെ പരാജയപ്പെടുത്തിയ കെ.കെ. ശൈലജ ഇത്തവണയും ഇടതു സർക്കാരിൽ മന്ത്രിയാകുമ്പോൾ തൊട്ടടുത്ത് മറ്റൊരു മന്ത്രിക്കസേരയിൽ കെ. പി. മോഹനനും ഉണ്ടാകും.
കണ്ണൂരുകാരനായ
ഗതാഗതമന്ത്രി തുടരുമോ?
ജന്മംകൊണ്ട് കണ്ണൂരുകാരനായ എ.കെ. ശശീന്ദ്രൻ കോഴിക്കോട് ജില്ലയിലെ എലത്തൂരിൽ നിന്ന് വൻ വിജയമാണ് നേടിയത്. കഴിഞ്ഞ പിണറായി സർക്കാരിൽ ഗതാഗതമന്ത്രിയായിരുന്ന അദ്ദേഹം വീണ്ടും തുടരുമോ എന്ന ആകാംക്ഷയിലാണ് പ്രവർത്തകർ.
എൻസിപി ഇത്തവണ മൂന്ന് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. അതിൽ കോട്ടക്കലിൽ എൻ.എ. മുഹമ്മദ്കുട്ടി പരാജയപ്പെട്ടെങ്കിലും കുട്ടനാട്ടിൽ തോമസ്ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ് വിജയിച്ചെങ്കിലും ആദ്യമായി നിയമസഭയിൽ എത്തുന്നതുകൊണ്ട് തന്നെ എൻസിപിയുടെ മന്ത്രി ഇത്തവണയും എ.കെ. ശശീന്ദ്രൻ തന്നെയാകാനാണ് സാധ്യത.