കണ്ണൂര്‍: ചികില്‍സയിലുള്ള ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവര്ക്കും മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കുന്നതിനായി ജില്ലയില്‍ ഓക്സിജന്‍ മാനേജ്മെന്റിന് പ്രത്യേക പദ്ധതി തയാറാക്കാന്‍ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗം നിര്‍ദേശം നല്കി.
ജില്ലയിലെ ഓക്സിജന്റെ ലഭ്യത, വിതരണം, ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ പദ്ധതി തയാറാക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ സ്നേഹില്‍ കുമാര്‍ സിംഗിനെ ചുമതലപ്പെടുത്തി.
ജില്ലയിലെ മുഴുവന്‍ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളിലെയും ഓക്സിജന്‍ സപ്പോര്‍ട്ട് ആവശ്യമായ രോഗികള്‍ക്ക് അത് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.
അതോടൊപ്പം ജില്ലയിലെ വിവിധ ആശുപത്രികളിലെ കോവിഡ് രോഗികളുടെ പ്രവേശനം ഏകോപിപ്പിക്കുന്നതിന് ഒരു നോഡല്‍ ഓഫീസറെ നിയമിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. ഓരോ ആശുപത്രിയിലെയും ബെഡുകളുടെ ഒഴിവുകള്‍, ചികില്‍സാ സംവിധാനങ്ങളുടെ ലഭ്യത, മറ്റ് സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുസൃതമായി കോവിഡ് രോഗികളുടെ പ്രവേശനം ക്രമീകരിക്കുന്നതിന് വേണ്ടിയാണിത്.
ഹോം ഐസൊലേഷൻ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള കോവിഡ് ബാധിതര്‍ അതാത് മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ട ശേഷം അവരുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ ആശുപത്രികളിലേക്ക് ചികില്‍സ തേടിപ്പോകാവൂ എന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
രോഗികള്‍ സ്വന്തം നിലയ്ക്ക് ആശുപത്രികളിലേക്ക് കോവിഡ് ചികില്‍സയ്ക്കായി എത്തുന്നത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും. മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ടാല്‍ അദ്ദേഹം നോഡല്‍ ഓഫീസറുമായി ആലോചിച്ച് ആവശ്യമനുസരിച്ച് സൗകര്യമുള്ള ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിന് ബെഡുകള്‍ കോവിഡ് ചികില്‍സയ്ക്കായി മാറ്റിവയ്ക്കുന്നുവെന്ന കാര്യം ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി.
ജില്ലയില്‍ കോവിഡ് പെരുമാറ്റച്ചട്ടം ശക്തമാക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. ഹോം ഐസൊലേഷന്‍, ക്വാറന്റൈന് ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്ഥാപന തലത്തിലെ റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ക്കു (ആര്‍ആര്‍ടി) പുറമെ പോലീസിന്റെ നിരീക്ഷണവും ശക്തമാക്കും. പൊതു ഇടങ്ങള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ചടങ്ങുകള്‍ തുടങ്ങിയവയിലെ പെരുമാറ്റച്ചട്ടം നിരീക്ഷിക്കുന്നതിനുള്ള സെക്ടറല്‍ മജിസ്ട്രേട്ടുമാരുടെ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും. ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ ടീമിനെ വിന്യസിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍ സ്നേഹില്‍കുമാര്‍ സിംഗ്, സബ് കളക്ടര്‍ അനുകുമാരി, ജില്ലാ പോലീസ് സൂപ്രണ്ട് ആര്. ഇളങ്കോ (സിറ്റി), നവനീത് ശര്‍മ (റൂറല്‍) അസിസ്റ്റന്റ് കളക്ടര്‍ ആര്.ശ്രീലക്ഷ്മി, എഡിഎം ഇ.പി. മേഴ്സി, ഡിഎംഒ ഡോ. കെ. നാരായണ നായിക്, ഡിപിഎം ഡോ. പി.കെ. അനില്‍കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം.പ്രീത, സ്പെഷല്‍ ബ്രാഞ്ച് എസിപി എം.വി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.