കണ്ണൂർ: കണ്ണൂർ ജില്ലയിലും കോർപറേഷൻ പരിധിയിലും കോവിഡ് രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ വാക്സിൻ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മേയർ ടി.ഒ. മോഹനൻ ആവശ്യപ്പെട്ടു. കോർപറേഷൻ തലത്തിലെ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ശരിയായരീതിയിൽ പ്രവർത്തിക്കാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോർപറേഷൻ പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്ന് മേയർ പറഞ്ഞു. സ്ഥിതി ഇത്തരത്തിൽ സങ്കീർണമായിരിക്കെ സർക്കാർതലത്തിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ മിക്കദിവസങ്ങളിലും പ്രവർത്തിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാമമാത്രമായ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വാക്സിനേഷൻ സൗകര്യമുള്ളത്. രണ്ടാം ഡോസും യഥാസമയം ലഭിക്കുന്നില്ല. വാക്സിനേഷനായി റജിസ്ട്രേഷൻ നടത്തുന്നതിനുള്ള വെബ്സൈറ്റിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമല്ലാത്തത് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നു. മദ്യവിപണനത്തിന് ആപ്പ് ഉണ്ടാക്കാൻ ഉത്സാഹം കാണിച്ച സർക്കാർ ജനങ്ങളുടെ ജീവൽപ്രശ്നത്തിനുനേരെ മുഖം തിരിഞ്ഞു നിൽക്കുകയാണ്.
ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ എല്ലാദിവസവും പ്രവർത്തിക്കുന്നതിനും വെബ്സൈറ്റ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.കെ. ശൈലജയ്ക്ക് നിവേദനം നൽകിയതായും മേയർ അറിയിച്ചു.
previous post