കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗം ഇന്നു ചേരും. സന്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കി കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനാണു സർക്കാർ ആലോചന. എന്നാൽ, രോഗവ്യാപനം കൂടിയ മേഖലകളിൽ മൈക്രോ ലോക്ക്ഡൗണ്‍ തുടർന്നേക്കും. തൊഴിൽമേഖലയും വ്യാപാരമേഖലയും നിശ്ചലമാക്കാതെയും പൊതുഗതാഗതം ഭാഗികമായി തുറന്നു കൊടുത്തുമുള്ള നിയന്ത്രണങ്ങളാണ് സർക്കാർ പരിഗണനയിലുള്ളത്.
വാരാന്ത്യ അടച്ചിടൽ അടുത്തയാഴ്ചയും തുടരാനാണു സാധ്യത. ഇന്നലെയും ശനിയാഴ്ചയുമായി ഏർപ്പെടുത്തിയ കർഫ്യൂ വിജയമാണെന്നാണു സർക്കാർ വിലയിരുത്തൽ. അടുത്തയാഴ്ചയും തുടരണമെന്നാണു സർക്കാർ നിലപാട്.
എന്നാൽ, അടുത്ത ഞായറാഴ്ച നിയമസഭാ തെരഞ്ഞെടുപ്പു ഫലം വരുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് നിർണായകമാകും. തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കണമെന്ന സമീപനമാണു പ്രതിപക്ഷത്തിന്റേത്. വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്തു സ്വീകരിക്കേണ്ട നിലപാടുകളും ഇന്നു രാവിലെ 11നു ചേരുന്ന സർവകക്ഷിയോഗത്തിൽ ചർച്ച ചെയ്യും.
കോവിഡ് രണ്ടാം തരംഗം വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനം പൂർണമായി അടച്ചിടണമെന്ന ആരോഗ്യ വിദഗ്ധരുടെ നിർദേശം അതേപോലെ അംഗീകരിച്ചാൽ സംസ്ഥാനത്തിന്റെ സാന്പത്തിക മേഖല പൂർണമായി തകരുമെന്ന അഭിപ്രായം സർക്കാർ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. അതിനാൽ, നിലവിൽ തുടരുന്ന രാത്രികാല കർഫ്യുവുമായി മുന്നോട്ടു പോകും. തൊഴിൽ മേഖല നിശ്ചലമായാൽ അതു ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന അഭിപ്രായവുമുണ്ട്.
സർക്കാർ ഓഫീസുകൾ അടക്കമുള്ളവയുടെ പ്രവർത്തനത്തെയും നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ട്. നിലവിൽ 50 ശതമാനം ജീവനക്കാർ എത്തിയാൽ മതിയെന്നാണു നിർദേശം. ഇപ്പോഴത്തെ നിയന്ത്രണങ്ങളെത്തുടർന്നു വ്യാപാര മേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന ആ ശങ്ക വ്യാപാരി സമൂഹം പങ്കുവയ്ക്കുന്നു.
കോവിഡ് പ്രതിരോധത്തിന് ഏറ്റവും ആവശ്യമായ വാക്സിൻ വിതരണം ഊർജിതമാക്കാനുള്ള ക്രമീകരണം ഒരുക്കുകയാണു വേണ്ടതെന്ന അഭിപ്രായത്തിനാണു മുൻതൂക്കം. വാക്സിൻ എത്തിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ സർക്കാർ ഇന്നു യോഗം വിളിച്ചിട്ടുണ്ട്.