കണ്ണൂർ: കോവിഡ് വാക്സിനേഷൻ എടുക്കാൻ എത്തിയവർ ടോക്കൺ കിട്ടാതെ വലഞ്ഞു. ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തിയതറിയാതെ വാക്സിനെടുക്കാനെത്തിയവരാണ് വെട്ടിലായത്. ഇന്നലെ മുതൽ ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രമേ വാക്സിൻ ലഭ്യമാകൂവെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ ഇവിടെയെത്തിയവർക്കാണ് വാക്സിനെടുക്കാൻ കഴിയാതെ മടങ്ങിപോകേണ്ടിവന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനാണ് ജില്ലാ ഭരണ കൂടം ഇങ്ങനെയൊരു നിർദേശം വച്ചത്.
വാക്സിനേഷന്റെ ആദ്യഘട്ടത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ മുഖേനെയാണ് വാക്സിൻ നൽകിയിരുന്നത്. എന്നാൽ അത് പിന്നീട് അതാത് വാക്സിൻ കേന്ദ്രങ്ങളിലെത്തി പേര് എഴുതിവച്ചാൽ മാത്രമേ വാക്സിൻ ലഭ്യമാകൂവെന്ന സ്ഥിതിയിലായിരുന്നു. ഇന്നലെ രാവിലെ സ്പോട്ട് രജിസ്ട്രേഷനായി ജില്ലയിലെ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിയവരാണ് വലഞ്ഞത്. ചിലയിടങ്ങളിൽ ടോക്കൺ നല്കിയാണ് വാക്സിൻ നല്കിയത്.