കൂത്തുപറമ്പ്: കോവിഡ് വാക്സിൻ എത്താതിനെത്തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും കൂത്തുപറമ്പിൽ മെഗാ വാക്സിനേഷൻ മുടങ്ങി. വാക്സിനേഷൻ ഇല്ലെന്ന വിവരമറിയാതെ നിരവധി പേരാണ് ക്യാമ്പ് നടന്നിരുന്ന നഗരസഭാ സ്റ്റേഡിയത്തിലെത്തി മടങ്ങിയത്.
അതെ സമയം, രണ്ടു ദിവസങ്ങളിലായി നടന്ന മെഗാ പരിശോധനാ ക്യാമ്പ് ഇന്നലെ അവസാനിച്ചു. ചൊവ്വാഴ്ചയാണ് ഇവിടെ നിന്നും അവസാനമായി വാക്സിൻ നൽകിയത്. വാക്സിൻ എത്തുന്ന മുറയ്ക്ക് ക്യാമ്പ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വാക്സിനേഷനായി ഓൺലൈനിൽ സ്വകാര്യ ആശുപത്രിയിൽ ടോക്കൺ രജിസ്റ്റർ ചെയ്തിട്ടും വാക്സിൻ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.
രണ്ടു ദിവസമായി കൂത്തുപറമ്പ് ഗവ. എൽപി സ്കൂളിൽ സംഘടിപ്പിച്ച കോവിഡ് മെഗാ പരിശോധനാ ക്യാമ്പിൽ 393പേരാണ് പരിശോധന നടത്തിയത്. 96 പേർ ആന്റിജൻ പരിശോധനയും ബാക്കിയുള്ളവർ ആർടിപിസിആർ പരിശോധനയുമാണ് നടത്തിയത്.
ആന്റിജൻ പരിശോധന നടത്തിയവരിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വരും ദിവസങ്ങളിലും ഈ കേന്ദ്രത്തിൽ പരിശോധന നടക്കും.
വാക്സിനേഷൻ
രാഷ്ട്രീയവത്കരിച്ചെന്ന്
കൂത്തുപറമ്പ്: മാങ്ങാട്ടിടം പിഎച്ച്സിയിൽ കോവിഡ് വാക്സിനേഷൻ രാഷ്ട്രീയവത്കരിച്ചതായി കോൺഗ്രസ് ആരോപിച്ചു. 22 മുതൽ കോവിഡ് വാക്സിനേഷൻ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രമേ നൽകുകയുള്ളൂവെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് മുൻകൂട്ടി റജിസ്ട്രേഷൻ നടത്തിയവർ രാവിലെ മാങ്ങാട്ടിടം പിഎച്ച്സിയിൽ എത്തിയപ്പോൾ പുലർച്ചെ 5.30 ന് സ്പോട്ട് രജിസ്ട്രേഷൻ ചെയ്തതായും 150 പേർക്ക് മാത്രമാണ് ഇന്ന് വാക്സിൻ നൽകുന്നത് എന്ന മറുപടി നൽകി ആളുകളെ തിരിച്ചയയ്ക്കുകയാണുണ്ടായതെന്നും കോൺഗ്രസ് ആരോപിച്ചു.
ഒന്പതിന് പ്രവർത്തനമാരംഭിക്കുന്ന പിഎച്ച്സിയിൽ പുലർച്ചെ 5.30ന് രജിസ്ട്രേഷൻ നടത്താൻ ആരാണ് അനുവാദം കൊടുത്തതെന്നും ഓഫീസ് ജീവനക്കാർ ആരൊക്കെയാണ് കൂട്ടുനിന്നതെന്നും അന്വേഷണം നടത്തണമെന്ന് മാങ്ങാട്ടിടം കണ്ടംകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു. രജീഷ് മാറോളി, പി.നാരായണൻ, സി.വി.പ്രീതൻ എന്നിവർ പ്രസംഗിച്ചു.