ന്യൂഡൽഹി: മെയ് ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്രസർക്കാർ കോവിഡ് വാക്‌സിൻ നൽകില്ല. സ്വകാര്യ ആശുപത്രികൾക്ക് നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാം.പുതിയ വാക്‌സിൻ നയത്തിന്റെ ഭാഗമായാണ് സ്വകാര്യ ആശുപത്രികൾക്ക് കുറഞ്ഞ നിരക്കിൽ വാക്‌സിൻ നൽകുന്നത് കേന്ദ്രസർക്കാർ നിർത്തുന്നത്.എന്നാൽ സർക്കാരിന്റെ ഈ നയം വ്യവസായികളെ സഹായിക്കാനാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നിർമാതാക്കൾ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകുന്നത് എത്ര രൂപയ്ക്കാകും എന്ന് വ്യക്തമല്ല. നേരിട്ട് നിർമാതാക്കളിൽ നിന്നും വാക്‌സിൻ വാങ്ങുന്നതിനാൽ ഒരു ഡോസ് കുത്തിവയ്പ്പിന് 1000 രൂപ വരെ ആയി ഉയർന്നേക്കും. സ്വകാര്യ ആശുപത്രികളിൽ ആദ്യ ഡോസ് വാക്‌സിൻ കുത്തിവെച്ചവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെക്കാനുള്ള അനുമതി ഉണ്ടാവും. സർക്കാരിന്റെ ഈ നയം നോട്ടു നിരോധനത്തിന് തുല്യമാണെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.