വയനാട്:കേരളം കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ വരുന്നവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. വയനാട് അതിര്‍ത്തികളിലെ ഇടറോഡുകളിലും ചെറുപാതകളിലും പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്.
കര്‍ണാടകയും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയായ വയനാട്ടിലെ എല്ലാ അതിര്‍ത്തി ചെക്പോസ്റ്റുകളിലും പരിശോധന ശക്തമാണ്. മുത്തങ്ങ, നൂല്‍പുഴ, താളൂര്‍, ബാവലി അതിര്‍ത്തികളില്‍ മുഴുവന്‍ സമയവും കേരള പൊലീസിന്റെ പരിശോധനയുണ്ട്. ആര്‍ ടി പിസിആര്‍ നെഗറ്റീവ് ഫലം ഇല്ലാത്തവരെ മടക്കി അയക്കുന്നു. എന്നാല്‍ അതിര്‍ത്തി മേഖലകളില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് ഇരുസംസ്ഥാനങ്ങളിലെയും സമീപപ്രദേശങ്ങളില്‍ യാത്രചെയ്യുന്നതിന് താല്‍ക്കാലിക ഇളവുണ്ട്. കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ എല്ലാ ഇളവുകളും നിര്‍ത്തലാക്കുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ണാടകയും ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മുത്തങ്ങ ചെക്പോസ്റ്റ് വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന കെഎസ്ആര്‍ടിസി ബസുകളിലടക്കം കര്‍ണാടക ആരോഗ്യവകുപ്പും പരിശോധന നടത്തുന്നു. എന്നാല്‍ വയനാട് അതിര്‍ത്തിയിലൂടെ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നര്‍ക്ക് കാര്യമായ നിയന്ത്രണങ്ങളില്ല. തമിഴ്നാട് അതിര്‍ത്തിയില്‍ നിലവില്‍ പരിശോധനയും നടത്തുന്നില്ല.