മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളെ ‘രൂക്ഷ പ്രഭവകേന്ദ്ര’മായി പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര. കോവിഡ് കേസുകൾ കൂടുതലുള്ള കേരളം, ഗോവ, ഗുജറാത്ത്, ഡൽഹി-എൻസിആർ മേഖല, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ ‘സെൻസിറ്റീവ് ഒറിജിൻ’ ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ‘രൂക്ഷ പ്രഭവകേന്ദ്ര’മായി പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ നിന്നും മഹാരാഷ്ട്രയിലേക്ക് ട്രെയിനിൽ സഞ്ചരിക്കുന്നവർ 48 മണിക്കൂർ മുമ്പ് എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാരുടെ വിവരങ്ങൾ റെയിൽവേ സംസ്ഥാന സർക്കാരുമായി പങ്കുവയ്ക്കണം. കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽ മറ്റു സംസ്ഥാനങ്ങളിലെ കൊറോണാ വകഭേദങ്ങൾ എത്താതിരിക്കാൻ ഉള്ള മുൻകരുതലിന്റെ ഭാഗമായാണ് രൂക്ഷ പ്രഭവകേന്ദ്രങ്ങൾ പ്രഖ്യാപിച്ചതെന്നും ഉത്തരവിൽ പറയുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം
1,50,61,919 ആയി.
കേരളത്തിൽ ഞായറാഴ്ച 18,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂട്ട പരിശോധനയുടെ ഭാഗമായി എടുത്ത 1,08,898 സാമ്പിളുകളുടെ ഫലമാണിത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 16.77 ശതമാനമാണ്. പുതിയതായി 25 മരണം സ്ഥിരീകരിച്ചു. ആകെ മരണം 4,929 ആയി. 93,686 പേർ ചികിത്സയിലായിരുന്നു. ഇതിൽ 4565 പേർ കോവിഡ് മുക്തരായി.2,37,036 പേരാണ് നിരീക്ഷണത്തിലുള്ളത്
previous post