ന്യൂഡൽഹി:രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതു ജനാരോഗ്യ കേന്ദ്രങ്ങളിൽ ഓക്സിജൻ ഉൽപ്പാദനത്തിനായി 162 പ്രഷർ സ്വിങ് അഡ്സോർപ്ഷൻ (പി.എസ്.എ) പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രം അനുമതി നൽകി. 201.58 കോടി രൂപ ചെലവിൽ പ്ലാന്റുകൾ സ്ഥാപിക്കുക വഴി പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓക്സിജൻ ശേഷി 154.19 മെട്രിക് ടൺ വർദ്ധിക്കും. വിവിധ സംസ്ഥാനങ്ങളിലായി 32 ബ്രാൻഡുകൾ സ്ഥാപിച്ചതിൽ ഒരെണ്ണം കേരളത്തിലാണ്. ഈ മാസം അവസാനത്തോടെ 59 എണ്ണത്തിന്റെ നിർമ്മാണവും മെയ് അവസാനത്തോടെ 80 എണ്ണത്തിന്റെ നിർമ്മാണവും പൂർത്തിയാവും. നൂറിലധികം പ്ലാന്റുകൾക്കായി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതും കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.