കണ്ണൂർ: രുചിയിലും ഗുണത്തിലും വിട്ടുവീഴ്‌ചയില്ലാത്ത റെയ്ഡ്‌കോ ബ്രാൻഡിന് വീണ്ടും അംഗീകാരം. റെയ്‌ഡ്‌കോ കറിപൗഡറുകൾ നിർമിക്കുന്ന മാവിലായിയിലെ ഫാക്ടറിയാണ് ഇത്തവണ ഐഎസ്‌ഒ 2000–-2018 അംഗീകാരം സ്വന്തമാക്കിയത്. ഇതോടെ റെയ്‌ഡ്‌കോ ഉൽപ്പന്നങ്ങൾ അന്താരാഷ്‌ട്ര വിപണിയിലേക്ക് കയറ്റുമതിചെയ്യാനും ഇന്ത്യയിലെ മറ്റ് വ്യാപാര ശൃംഖലകളിൽ എത്തിക്കാനും സാധിക്കും.
1972–-ൽ പ്രവർത്തനമാരംഭിച്ച റെയ്‌ഡ്‌കോ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി 2000ലാണ് മാവിലായിയിൽ സ്വന്തം സ്ഥലത്ത് കറിപൗഡർ ഫാക്‌ടറി തുടങ്ങിയത്. മാർക്കറ്റിങ്ങിലെ പരിമിതികൊണ്ട് വിൽപ്പനലക്ഷ്യം നേടാൻ കഴിയാതെവന്നപ്പോൾ സ്ഥാപനം നഷ്‌ടത്തിലായി. 2017–-ലെ ആധുനികവൽക്കരണത്തോടെ പ്രതിമാസം ആയിരം ടൺ ഉൽപ്പാദനശേഷി കൈവരിച്ചു.
കറിപൗഡറുകൾക്കുപുറമേ ആട്ട, റവ, അരിപ്പൊടി, അപ്പപ്പൊടി തുടങ്ങിയവയും വിപണിയിലെത്തിച്ചു. 2019–-ൽ ഐഎസ്‌ഒ 9001–-2015 സർട്ടിഫിക്കേഷനും നേടി. 2017–-18ൽ 9.5 കോടിയുടെയും 2018–-19 വർഷം 14.10 കോടിയുടെയും 2019–-20 വർഷം 12.81 കോടിയുടെയും വിൽപ്പന നടന്നു. 2019–-ൽ സപ്ലൈകോയുമായി വിപണനക്കരാറുണ്ടാക്കി.
കോവിഡ് കാലത്ത് സർക്കാർ നൽകിയ കിറ്റിലെ കറിപൗഡറുകൾ തയാറാക്കിയതും റെയ്‌ഡ്‌കോയാണ്. 2020–-21 വർഷം 72.56 കോടിയുടെ വിൽപ്പനയാണ് നടന്നത്.
previous post