വിറകടുപ്പില്ലെങ്കിലും വിഷു പൂർണമാവണമെങ്കിൽ പുത്തൻ കലം വേണം. മൺനിറ ചുവപ്പുള്ള കലം അടുക്കളയിലുണ്ടാവുന്നത് ഐശ്വര്യമെന്നാണ് വിശ്വാസികളുടെ സങ്കൽപം. അലൂമിനിയം, പ്ലാസ്‌റ്റിക് പാത്രങ്ങൾ അടുക്കള കീഴടക്കിയതോടെ വിഷുവിനും ഓണത്തിനുമാണ് മൺപാത്രം കൂടുതലും ചെലവാകുന്നതെന്ന് കച്ചവടക്കാർ പറയുന്നു.റോഡരികിലെ മൺപാത്രകച്ചവടം സജീവം. പാലക്കാടൻ കലങ്ങളാണ് പ്രധാനമായും വിൽപ്പന. ആവശ്യക്കാരുണ്ടെങ്കിലും വ്യവസായം വലിയ പ്രതിസന്ധിയിലാണെന്ന് ഇരുപത് വർഷമായി പാറോപ്പടിയിൽ മൺപാത്രം വിൽക്കുന്ന പാലക്കാട് സ്വദേശി ശിവകുമാർ പറഞ്ഞു. പാരമ്പര്യമായി തൊഴിലെടുക്കുന്നവർ കുറവാണ്. പുതുതലമുറ തൊഴിൽ പഠിക്കുന്നില്ലെന്നതാണ് സത്യം. കളിമണ്ണിനും ക്ഷാമമാണിപ്പോൾ. മൺപാത്രത്തിൽ പാചകം ചെയ്‌താൽ ഭക്ഷണത്തിന്റെ രുചി വർധിക്കുമെന്ന് മാത്രമല്ല ആരോഗ്യത്തിനും ഗുണകരമാണ്. ഗ്യാസ് അടുപ്പുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള കനം കുറഞ്ഞ മൺപാത്രങ്ങളുണ്ടിപ്പോൾ. ആളുകൾ ഇതേക്കുറിച്ച് മനസ്സിലാക്കി തുടങ്ങിയതായും ശിവകുമാർ പറഞ്ഞു. കറിച്ചട്ടി, ചെടിച്ചട്ടി, ചീനച്ചട്ടി തുടങ്ങിയ ഇനങ്ങളെല്ലാം വിൽപ്പനക്കുണ്ട്. കലത്തിനാണ് ആവശ്യക്കാർ ഏറെയും. ടാപ്പുകൾ ഘടിപ്പിച്ച മൺകൂജകൾക്കും ആവശ്യക്കാരുണ്ട്. വിവിധ വലിപ്പത്തിലുള്ള ചട്ടികൾ, പ്ലേറ്റ്, ഗ്ലാസ്, ഉരുളി, ഭണ്ഡാരം, ചിരാതുകൾ, ശിൽപങ്ങൾ, അലങ്കാര വസ്‌തുക്കൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാൽ കമനീയമാണ് മൺപാത്ര വിപണി.
previous post