കോവിഡ് വീണ്ടും ശക്തമായതോടെ വിനോദ സഞ്ചാര, വ്യോമയാന മേഖലകളിൽ പ്രതിസന്ധി രൂക്ഷമായി. കോവിഡിന്റെ രണ്ടാം വരവിനെതുടർന്ന് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതോടെ മധ്യവേനലവധി ഉൾപ്പെടെ ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന പലരും യാത്ര റദ്ദാക്കുകയാണ്. ഇതു ട്രാവൽ ഏജൻസികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര സർവീസുകൾ ഇപ്പോഴും പത്തു ശതമാനം മാത്രമേ നടത്തുന്നുള്ളൂ. ആഭ്യന്തര സർവീസുകൾ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും കുറഞ്ഞിട്ടുണ്ട് . ഇതുമൂലം വൻ നഷ്ടത്തിലായിരുന്ന ‘വിമാനക്കമ്പനികൾ കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ് . അന്താരാഷ്ട്ര യാത്രക്കാർ കുറവുള്ള ഈ സമയത്ത് ആഭ്യന്തര യാത്രക്കാർകൂടി കുറഞ്ഞാൽ ഇപ്പോൾ നടത്തുന്ന നാമമാത്രമായ സർവീസുകളിൽ പലതും നിർത്തിവയ്ക്കേണ്ടിവരും.
ഒന്നാംഘട്ട കോവിഡിന്റെ പ്രതിസന്ധിയിൽ ജീവനക്കാരുടെ വെട്ടിക്കുറച്ച ശബളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും പല വിമാനക്കമ്പനികളും പുനഃസ്ഥാപിച്ചു തുടങ്ങിയ സമയത്ത് കോവിഡിന്റെ രണ്ടാം വരവ് ഈ മേഖലയിൽ വീണ്ടും ആശങ്കയ്ക്കു വഴിവച്ചിരിക്കുകയാണ്. ആഭ്യന്തര വിമാനയാത്രക്കാർ രണ്ടു ദിവസമായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ കാര്യമായി കുറവ് വന്നു. കോവിഡിന്റെ രണ്ടാം വരവോടെ പല സംസ്ഥാനങ്ങളും മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്നതിന് നിബന്ധനങ്ങൾ കർശനമാക്കിയതും ടിക്കറ്റ് ബുക്കിംഗ് കുറയാൻ കാരണമായി. ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയതാണ് മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ നിന്ന് യാത്രക്കാരെ പിന്തിരിപ്പിക്കുന്നതെന്ന് വിമാനക്കമ്പനികൾ ചൂണ്ടിക്കാട്ടി.
വ്യോമയാന മേഖലയിലെ പ്രധാന സംഘടനയായ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ കണക്കനുസരിച്ച് ആഭ്യന്തര സർവീസിൽ എൺപത് ശതമാനം സീറ്റുകളിലെങ്കിലും യാത്രക്കാർ ഇല്ലെങ്കിൽ ഈ മേഖലയിൽ സർവീസ് നടത്തുന്ന എയർലൈൻസുകൾക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല.
പല സ്വകാര്യ വിമാന കമ്പനികൾക്കും മേയ് മാസത്തേക്കുള്ള ഒരു ബുക്കിംഗും ഇതുവരെ ലഭിച്ചിട്ടില്ല. രോഗവ്യാപനത്തെ കുറിച്ചുള്ള ആശങ്കകൾ വർധിച്ചതോടെ പുതിയ സർവീസുകൾ ഒന്നും തന്നെ തുടങ്ങേണ്ടതില്ലെന്ന നിലപാടിലാണ് എയർലൈനുകൾ.